ന്യൂഡെല്‍ഹി: പരീക്ഷ പാസാകാത്ത ഡോക്ടര്‍മാര്‍ എങ്ങനെ രോഗികളെ ചികിത്സിക്കുമെന്ന് സുപ്രീംകോടതി. മെഡിക്കല്‍ പിജി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് സുപ്രീംകോടതി ഈ ചോദ്യം ഉന്നയിച്ചത്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ വെക്കേഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കൊറോണ സാഹചര്യത്തില്‍ മറ്റു പരീക്ഷകള്‍ റദ്ദാക്കുന്നത് പോലെ മെഡിക്കല്‍ പിജി പരീക്ഷയും റദ്ദാക്കണമെന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം. കൊറോണ അതിതീവ്ര വ്യാപനം നടക്കുന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളെല്ലാം തന്നെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലുമാണ്. അതിനാല്‍ മെഡിക്കല്‍ പിജി പരീക്ഷ റദ്ദാക്കണമെന്നാണ് കുട്ടികള്‍ ആവശ്യപ്പെട്ടത്.
പരീക്ഷ പാസാകാത്ത ഡോക്ടര്‍മാര്‍ എങ്ങനെ രോഗികളെ ചികിത്സിക്കുമെന്ന് ചോദിച്ച് കൊണ്ടാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. ഹര്‍ജിയില്‍ വിശദമായ വാദത്തിന് പോലും തയ്യാറാവാതെ, ഹര്‍ജി കോടതി നിരാകരിക്കുകയായിരുന്നു. പരീക്ഷ പാസാകാത്ത ഡോക്ടര്‍മാരുടെ കൈയില്‍ രോഗികള്‍ എങ്ങനെ സുരക്ഷിതരായിരിക്കും?. അതിനാല്‍ ഡോക്ടര്‍മാരാകാന്‍ പരീക്ഷ പാസാകേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു കോടതി നടപടി.