ബിജെപി വിട്ട്​ തൃണമൂലില്‍ തിരിച്ചെത്തി മുകുള്‍ റോയ്​

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ നേതാവ്​ മുകുള്‍ റോയ്​ ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്ക്​ ആദ്യമായി ചുവടുമാറിയ ​നേതാവായിരുന്നു മുകുള്‍ റോയ്.നിലവിൽ ബി ജെ പി ദേശീയ വൈസ് പ്രസിഡന്റായിരുന്നു മുകുൾ റോയ്.

മകന്‍ ശുഭ്രാന്‍‌ഷുവിനൊപ്പം​ അദ്ദേഹം വെള്ളിയാഴ്​ചയാണ്​ പാര്‍ട്ടി​യിലേക്ക്​ മടങ്ങിയെത്തിയത്​. മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം വൈകീട്ട്​ നടന്ന പരിപാടിയില്‍ അദ്ദേഹം സംബന്ധിക്കുകയും ചെയ്​തു.

പഴയ സഹപ്രവര്‍ത്തകരെ കണ്ടതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് മുകുള്‍ റോയ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ബി.ജെ.പിയില്‍ തുടരാന്‍ കഴിയാത്ത അവസ്​ഥയാണ്​. ബംഗാളിന്റെയും ഇന്ത്യയുടെയും ഏക നേതാവാണ്​ മമത’ -മുകുള്‍ റോയ് വ്യക്​തമാക്കി.

മുകുള്‍ വീട്ടിലേക്ക്​ മടങ്ങിയെത്തിയെന്ന്​ മമത പറഞ്ഞു. ‘അദ്ദേഹം ഒരിക്കലും മറ്റുള്ളവരെപ്പോലെ വിശ്വാസ വഞ്ചകനായിരുന്നില്ല. കൂടുതല്‍ പേര്‍ ഇനിയും വരാനുണ്ട്​. പഴയത് എല്ലായ്പ്പോഴും സ്വര്‍ണമാണ്’-മമത കൂട്ടിച്ചേര്‍ത്തു. ബിജെപിയിൽ താൻ വീർപ്പുമുട്ടുകയായിരുന്നുവെന്ന് മുകുൾ റോയ് പറഞ്ഞതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു.

ബി ജെ പിയുടെ രാഷ്ട്രീയ സംസ്‌കാരവും ആശയങ്ങളും ബംഗാളിനു യോജിച്ചതല്ലെന്നും എക്കാലവും ‘അപരിചിതമായി’ തുടരുമെന്നുമാണ് മുകുൾ റോയിയുടെ ഇപ്പോഴത്തെ നിലപാടെന്നാണ് അടുത്ത അനുയായികൾ സൂചിപ്പിക്കുന്നത്. മമതയെ പോലെ ജനങ്ങളുടെ പൾസ് അറിയുന്ന മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പറയുന്നു.

തൃണമൂൽ വിട്ട് ആദ്യം ബി ജെ പിയിലേക്ക് ചാടിയ നേതാവാണ് മുകുൾ റോയ്. അതിനുശേഷം തൃണമൂൽ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് രൂക്ഷമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ മമത ബാനർജി സർക്കാർ വീണ്ടും അധികാരം പിടിച്ചതോടെ പാർട്ടിയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് പല നേതാക്കളും.