വാഷിംഗ്ടൺ: കൊറോണ പ്രതിരോധ വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലെ ഇടവേള നീട്ടുന്നത് കൊറോണ വൈറസിന്റെ വകഭേദങ്ങളിലൊന്ന് ആളുകളിൽ ബാധിക്കാൻ കാരണമാകുമെന്ന് അമേരിക്കൻ പ്രസിഡൻറിന്റെ മെഡിക്കൽ ഉപദേഷ്ടാവും കൊറോണ പ്രതിരോധ വിദഗ്ധനുമായ ഡോ. ആൻറണി ഫൗചി. മോദി സർക്കാറിന്റെ പുതുക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കോവിഷീൽഡ് ഡോസുകൾ തമ്മിലെ ഇടവേള നീട്ടിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘എംആർഎൻഎ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള വാക്സിനുകളായ ഫൈസറിന്റെയും മോഡേണയുടെയും ഇടവേള യഥാക്രമം മൂന്നും നാലും ആഴ്ചയാണ്. ഇത് നീട്ടിയാൽ പുതിയ ഏതെങ്കിലും കൊറോണ വൈറസ് വകഭേദങ്ങൾക്ക് ആളുകൾ ഇരയാകാൻ സാധ്യതയുണ്ട്.
ബ്രിട്ടനിൽ ഇടവേള നീട്ടിയത് നമ്മൾ കണ്ടു. ആ കാലയളവിൽ പലർക്കും രോഗം ബാധിച്ചു. അതിനാൽ മുൻ നിശ്ചയിച്ച കാലയളവിൽ തന്നെ നൽകുകയാണ് നല്ലത്. എന്നാൽ, ഇന്ത്യയിൽ വാക്സിൻ ലഭ്യത കുറവാണ്. അതാണ് ഡോസുകൾക്കിടയിലെ ഇടവേള നീട്ടാൻ കാരണമായത്’ -ഫൗചി വിശദീകരിച്ചു.
കഴിഞ്ഞമാസമാണ് ഇന്ത്യയിൽ കോവിഷീൽഡിൻ്റെ രണ്ടു ഡോസുകൾ തമ്മിലെ ഇടവേള ദീർഘിപ്പിക്കാൻ വിദഗ്ധ സമിതി നിർദേശം നൽകിയത്. 12 മുതൽ 16 ആഴ്ചകളുടെ ഇടവേളയിൽ രണ്ടാം ഡോസ് വാക്സിൻ നൽകിയാൽ മതിയെന്നായിരുന്നു നിർദേശം. അതേസമയം, കോവാക്സിൻ്റെ ഇടവേളകളിൽ മാറ്റം വരുത്തിയിരുന്നില്ല. അത് നാലു മുതൽ ആറ് ആഴ്ചയായി തുടരുന്നു.