വാക്‌സിൻ വിതരണത്തിലെ പാളിച്ച വൈറസിന്റെ ജനിതക വ്യതിയാനത്തിന് കാരണമാകുമെന്ന് വിദഗ്ധർ

ന്യൂഡെൽഹി: രാജ്യം കൊറോണ മഹാമാരിക്കെതിരെ പോരാട്ടം തുടരുമ്പോൾ ആസൂത്രിതമല്ലാതെ വാക്‌സിൻ വിതരണം ചെയ്യുന്നത് വൈറസിന്റെ ജനിതകവ്യതിയാനത്തിന് കാരണമാകുമെന്ന് വിദഗ്ധർ. എയിംസ് ആശുപത്രിയിലെ ഡോക്ടർമാരും കൊറോണ ദേശീയ കർമസേനയിലെ അംഗങ്ങളും ഉൾപ്പെടുന്ന ആരോഗ്യവിദഗ്ധരാണ് ഇതുസംബന്ധിച്ച്‌ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വലിയതോതിലുളള വാക്‌സിൻ വിതരണത്തിനുപകരം ദുർബലവിഭാഗങ്ങൾക്കും അപകടസാധ്യത കൂടുതലുളളവർക്കും വാക്‌സിൻ വിതരണം ചെയ്യുന്നതിനാണ് നിലവിൽ ശ്രദ്ധ ചെലുത്തേണ്ടതെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. ഇന്ത്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡെമിയോളജിസ്റ്റ്‌സ് എന്നിവിടങ്ങളിൽ നിന്നുളള വിദഗ്ധരാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യമനുസരിച്ച്‌ എല്ലാ പ്രായക്കാർക്കും വാക്‌സിൻ ലഭ്യമാക്കുന്നതിന് പകരം ലോജിസ്റ്റിക്‌സ്, എപ്പിഡെമിയോളജിക്കൽ ഡേറ്റ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം വാക്‌സിൻ മുൻഗണന തീരുമാനിക്കപ്പെടേണ്ടത്.എല്ലാവർക്കും ഒരുമിച്ച്‌ വാക്‌സിൻ ലഭ്യമാക്കുക എന്ന തീരുമാനം മനുഷ്യരെയും മറ്റുസ്രോതസ്സുകളെയും ബാധിക്കും. കൊറോണ ബാധിച്ചവർക്ക് വാക്‌സിൻ നൽകേണ്ടതില്ലെന്ന അഭിപ്രായവും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.

“കൊറോണ സ്ഥിരീകരിച്ചവർക്ക് വാക്‌സിൻ നൽകേണ്ട ആവശ്യമില്ല. കൊറോണ ബാധയ്ക്ക് ശേഷം വാക്‌സിൻ ഫലപ്രദമാണ് എന്ന് തെളിവുകൾ ലഭിച്ചതിന് ശേഷം ഇവർക്ക് വാക്‌സിൻ വിതരണം ചെയ്യാം. വാക്‌സിൻ ഇടവേളകൾ വിതരണം ചെയ്യുന്ന പ്രദേശത്തേയും ജനസംഖ്യയെയും അടിസ്ഥാനമാക്കി വേണം നിശ്ചയിക്കാനെന്നും വിദഗ്ധർ പറയുന്നു. ഒപ്പം രണ്ടാംതരംഗം അവസാനിക്കുന്നതോടെ പ്രാദേശികതലത്തിലുളള സീറോസർവേകൾ നടപ്പാക്കാനും വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്.