കാലവർഷം നാളത്തോടെ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: കാലവർഷം വെള്ളിയാഴ്ചയോടെ ശക്തിപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. നാളെ ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന പുതിയ ന്യൂനമർദ്ദത്തിന് ശേഷം സംസ്ഥാനത്ത് കാലവ‌ർഷം സജീവമാകുമെന്നാണ് പ്രവചനം.

ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ശക്തമായ കാറ്റ് കേരളത്തിൽ രണ്ടു മൂന്ന് ദിവസം മെച്ചപ്പെട്ട മഴ പെയ്യാൻ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. വടക്കൻ കേരളത്തില്‍ മഴ കൂടുതൽ സജീവമാകുമെന്നാണ് മുന്നറിയിപ്പ്.

ശക്തമായ മഴയ്ക്കുള്ള സാധ്യതയില്‍ ജൂൺ 11 ന് 11 ജില്ലകളിലും 12നും 13നും 13 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍ ഒഴികെയുള്ള ജില്ലകളിലും, 12ന് തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 13ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 13 വരെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പുണ്ട്.