ഓഗസ്റ്റോടെ ഫൈസർ വാക്സീൻ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും

ന്യൂഡെൽഹി: രാജ്യത്ത് ഓഗസ്റ്റ് മാസത്തോടെ ഫൈസർ വാക്സീൻ വിപണിയിൽ എത്തിയേക്കും. കൊറോണ വാക്സീനു കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഫൈസർ ഉൾപ്പെടെയുള്ള വിദേശ കൊറോണ വാക്സീൻ നിർമാതാക്കൾക്ക് നിയമപരമായ ബാധ്യതകളിൽനിന്നു സംരക്ഷണം നൽകുന്ന നടപടികളിലേക്ക് ഇന്ത്യ അടുക്കുന്നെന്നു സർക്കാർ വൃത്തങ്ങൾ നല്കുന്ന സൂചന.

ഒരു ഡോസ് ഫൈസറിന് ഏകദേശം 730 രൂപയായിരിക്കും ഇന്ത്യയിലെ വിലയെന്നാണു റിപ്പോർട്ട്. വിദേശ നിർമിത വാക്സീൻ ആദ്യമായി സ്വീകരിക്കുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുമെന്നും കാര്യക്ഷമത ഉറപ്പുവരുത്തിയതിനു ശേഷം എല്ലാവർക്കും ലഭ്യമാക്കുമെന്നും സർക്കാർ വ‍‍‍ൃത്തങ്ങൾ പറഞ്ഞു.

വൈറസ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ഏപ്രിലിൽ ഫൈസർ, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ ഉൾപ്പെടെയുള്ള കമ്പനികളെ വാക്സീൻ ഇന്ത്യയിൽ വിറ്റഴിക്കാൻ സർക്കാർ ക്ഷണിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് കമ്പനികളുമായി കരാറിൽ എത്തിയിരുന്നില്ല. വാക്സീൻ ഉപയോഗത്തെ തുടർന്നു ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നേരിടേണ്ടിവരുന്ന നിയമ നടപടികളിൽനിന്നു സംരക്ഷണം നൽകണമെന്നുമുള്ള വ്യവസ്ഥ അംഗീകരിക്കാത്ത ഒരു രാജ്യത്തിനും ഫൈസർ ഇതുവരെ വാക്സീൻ കച്ചവടം ചെയ്തിട്ടില്ല.

എന്നാൽ നിയമ സംരക്ഷണം സംബന്ധിച്ച് ഒരു വാക്സീൻ നിർമാതാക്കൾക്കും കേന്ദ്ര സർക്കാർ ഇതുവരെ ഉറപ്പും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ മനം മാറ്റത്തിനു തയാറായേക്കും എന്നാണു റിപ്പോർട്ട്.