ന്യൂഡെല്‍ഹി: രാജ്യത്ത് അഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശത്തിലാണ് മാസ്‌ക് നിര്‍ബന്ധമാക്കിയതില്‍ നിന്നും കുട്ടികളെ ഒഴിവാക്കിയത്. 6 മുതല്‍ 11 വരെ വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെയോ ഡോക്ടറുടെയോ മേല്‍നോട്ടത്തില്‍ മാസ്‌ക് ധരിപ്പിക്കാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
എന്നാല്‍ 12 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ മുതിര്‍ന്നവരെപ്പോലെ മാസ്‌ക് ധരിക്കണം. നിലവില്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. കൈക്കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് ഇതില്‍ ഇളവ് നല്‍കിയിട്ടുള്ളത്. ഈ നിര്‍ദ്ദേശമാണ് ലഘൂകരിക്കുന്നത്.
കൊറോണ ബാധിതരായ കുട്ടികള്‍ക്കുള്ള മരുന്ന് സംബന്ധിച്ച നിര്‍ദ്ദേശവും ഡിജിഎച്ച്എസ് റിപ്പോര്‍ട്ടിലുണ്ട്. 18 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് കൊറോണ ചികിത്സയ്ക്കായി റെംഡിസിവിര്‍ മരുന്ന് ഉപയോഗിക്കരുതെന്നാണ് ഇതിലെ പ്രദാന നിര്‍ദ്ദേശങ്ങളിലൊന്ന്. ഇതിനു പകരമായി എച്ച്ആര്‍സിടി പരിശോധന അഥവാ ഹൈ റെസല്യൂഷന്‍ സിടി സ്‌കാന്‍ ആണ് കുട്ടികള്‍ക്കായി നിര്‍ദേശിച്ചിരിക്കുന്നത്.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പനിയുണ്ടായാല്‍ കുട്ടികള്‍ക്ക് തൂക്കത്തിന് ആനുപാതികമായ അളവില്‍ പാരസെറ്റമോള്‍ ഗുളികകള്‍ അടക്കമുള്ള മരുന്നുകളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഒരു കിലോ തൂക്കത്തിന് 10 മുതല്‍ 15 മില്ലിഗ്രാം എന്ന തോതില്‍ ദിവസേന നാലു മുതല്‍ ആറു തവണ വരെ കുട്ടികള്‍ക്ക് പാരസെറ്റമോള്‍ നല്‍കാമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
കഫക്കെട്ടിന് ഉപ്പുവെള്ളം വായില്‍ക്കൊള്ളുന്നത് ഉള്‍പ്പെടെയുള്ള ലഘുചികിത്സകളാണ് 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ളത്. ഡോക്ടറുടെ അനുമതിയില്ലാതെ സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. ലക്ഷണങ്ങളില്ലാത്ത കൊറോണ കേസുകളില്‍ സ്റ്റിറോയിഡ് ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കുട്ടികള്‍ക്ക് കൊറോണ പരിശോധിക്കാനായി എച്ച്ആര്‍സിടി സ്‌കാനിങ് ഉപയോഗിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ ജാഗ്രത കാണിക്കണമെന്നും രോഗത്തിന്റെ ഗുരുതരാവസ്ഥ പരിഗണിച്ചു മാത്രമേ ഇതു നിര്‍ദേശിക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു. കുട്ടികളുടെ ശരീരത്തിലെ ഓക്‌സിജന്‍ നില പരിശോധിക്കാന്‍ ആറ് മിനിട്ട് നടപ്പ് പരിശോധനയും ആരോഗ്യ ഡയറക്ടറേറ്റ് നിര്‍ദേശിക്കുന്നു.