പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുത്; വിവാദ പ്രസ്താവനയുമായി വനിതാകമ്മീഷൻ അംഗം

ലക്നൗ: ‘പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നത് ബലാത്സംഗത്തിന് കാരണമാകും’ വിവാദ പ്രസ്താവനയുമായി വനിതാകമ്മീഷൻ അംഗം മീനാകുമാരി. പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുതെന്നും ഫോൺ ബലാത്സംഗത്തിലേക്കെത്തിക്കുമെന്നുമാണ് ഒരു പരാതി കേൾക്കുന്നതിനിടെ മീനാകുമാരി പറഞ്ഞത്.

”പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുത്. അവർ രാത്രി ഏറെ വൈകിയും ആൺകുട്ടികളോട് മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുകയും അവ‍ർക്കൊപ്പം ഓടിപ്പോകുകയും ചെയ്യും. ഇവരുടെ ഫോൺ പരിശോധിക്കുന്നേ ഇല്ല, ഇവർ ചെയ്യുന്നതൊന്നും രക്ഷിതാക്കൾ അറിയുകയും ഇല്ല…”- മീനാകുമാരി പറഞ്ഞു.

സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ കൂടുന്നതിൽ സമൂഹം കൂടുതൽ ജാഗ്രത പാലിക്കണം. തങ്ങളുടെ മക്കളെ നിരീക്ഷിക്കുന്നതിൽ അമ്മമാ‍ർ കൂടുതൽ ശ്രദ്ധാലുക്കളാകണമെന്നും അവ‍ർ പറഞ്ഞു.

അതേസമയം പെൺകുട്ടികളിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി വയ്ക്കുന്നത് ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പരിഹാരമല്ലെന്ന് വനിതാകമ്മീഷൻ വൈസ് ചെയർപേഴ്സൺ അഞ്ജു ചൗധരി പറഞ്ഞു