ന്യൂഡെല്‍ഹി: കൊറോണ പ്രതിരോധത്തിൽ കോവാക്സിന് 78 ശതമാനം ഫലപ്രാപ്തി പ്രകടമാക്കുന്നുണ്ടെന്ന് ഭാരത് ബയോടെക്. കോവാക്സിന്റെ മൂന്നാഘട്ട പരീക്ഷണ ഫലം ജൂലൈയോടെ ലഭ്യമാകുമെന്നും നിര്‍മാതാക്കളായ ഭാരത് ബയോടെക് വ്യക്തമാക്കി.
കൂടുതല്‍ ആന്റിബോഡി കൊറോണയ്ക്കെതിരായി ഉല്‍പ്പാദിപ്പിക്കുന്നത് കോവിഷീല്ഡാണെന്ന പഠനറിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ ഈ റിപ്പോര്‍ട്ടുകളെ തള്ളി കൊണ്ടാണ് ഭാരത് ബയോടെക്കിൻ്റെ വെളിപ്പെടുത്തൽ.
ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് ആദ്യം പരീക്ഷണ ഫലം കൈമാറും. പിന്നീട് വിദഗ്ധ വിശകലനങ്ങള്‍ക്കായി പ്രമുഖ ശാസ്ത്ര ജേര്‍ണലുകള്‍ക്ക് നല്‍കും. തുടര്‍ന്ന് പൂര്‍ണ ലൈസന്‍സിന് അപേക്ഷിക്കുമെന്ന് ഭാരത് ബയോടെക് പറഞ്ഞു.
വാക്സിന്റെ നാലാം ഘട്ട പരീക്ഷണം നടത്തുമെന്നും കോവാക്സിന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന്റെ ശരിയായ കാര്യക്ഷമത മനസിലാക്കാനാണ് നാലാം ഘട്ട പരീക്ഷണത്തിലേക്ക് കടക്കുന്നത്.