ചെന്നൈ : കാണാതായ സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ 47,000 ഏക്കർ ഭൂമിയുടെ സ്ഥിതി വിശദീകരിക്കാൻ തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. സുലൂരിലെ അരുൾമിഗ അവിനാശിയപ്പർ, അരുൾമിഗ സുബ്രഹ്മണ്യസാമി ക്ഷേത്രങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെയാണ് ജസ്റ്റിസ് എൻ കിരുബകരൻ, ജസ്റ്റിസ് ടിവി തമിഴ്‌സെൽവി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാദം സർക്കാരിനോട് ചോദ്യം ഉന്നയിച്ചത് .
1984-85 ലെ കണക്കെടുപ്പ് പ്രകാരം സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങൾക്ക് 5.25 ലക്ഷം ഏക്കർ സ്ഥലം സ്വന്തമായി ഉള്ളതായി രേഖകൾ ഉണ്ടായിരുന്നു . എന്നാൽ 2019-20 ലെ റെക്കോർഡിൽ ഇത് 4.78 ലക്ഷം ഏക്കറായി ചുരുങ്ങി . 35 വർഷത്തിനിടയിൽ ക്ഷേത്രങ്ങൾക്ക് അവകാശപ്പെട്ട 47,000 ഏക്കർ ഭൂമിയാണ് കാണാതായതെന്ന് കോടതി നിരീക്ഷിച്ചു.
വിശദാംശങ്ങളും സർവേ നമ്പറുകളും അടങ്ങിയ സത്യവാങ്മൂലം ജൂലൈ 5 നകം സമർപ്പിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട് . 1984-85 ലെ റെക്കോർഡിൽ പരാമർശിച്ചിരിക്കുന്ന ഭൂമികളുടെ സർവ്വേ നമ്പറുകളും, ഏറ്റവും പുതിയ റെക്കോർഡിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളുടെ സർവ്വേ നമ്പറുകളും , രേഖകളിൽ നിന്ന് ഏതെല്ലാം ഭൂമികളെ ഒഴിവാക്കിയിരിക്കുന്നുവെന്നും സത്യവാങ് മൂലത്തിൽ സർക്കാർ വിശദമാക്കേണ്ടി വരും.