കോട്ടയം: അതിരമ്പുഴ കാരിസ് ഭവനിലെ പ്രശസ്ത വചനപ്രഘോഷകൻ ഫാ.അനീഷ് മുണ്ടിയാനിക്കൽ (എംഎസ്എഫ്എസ്-40) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ 1.30നായിരുന്നു അന്ത്യം. സംസ്ക്കാരം നാളെ (വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടിന് ഏറ്റുമാനൂർ എംഎസ്എഫ്എസ് സെമിനാരിയിൽ. 2012 മുതൽ അതിരമ്പുഴ കാരിസ് ഭവനിലെ വചനപ്രഘോഷകനായിരുന്നു ഫാ.അനീഷ്. കൊറോണ നെഗറ്റീവായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫാ.അനീഷിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെൻ്റിലേറ്ററിലേറ്ററിലേക്ക് മാറ്റിയിരുന്നു.
മേയ് ഏഴിന് പിതാവ് എം എം എബ്രഹാമിൻ്റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ ഫാ.അനീഷ് സ്വദേശമായ കണ്ണൂരിലേക്ക് പോയിരുന്നു. ചടങ്ങിന് ശേഷം കാരിസ്ഭവനിൽ മടങ്ങിയെത്തിയ അച്ചന് കൊറോണ സ്ഥീരീകരിച്ചതിനെ തുടർന്ന് മേയ് 17ന് ചേർപ്പുങ്കൽ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കടുത്ത നിമോണിയ ബാധയെ തുടർന്ന് പിന്നീട് ഗുരുതരാവസ്ഥയിലായെങ്കിലും കൊറോണ നെഗറ്റീവായി മുറിയിലേക്ക് മാറ്റി. ഇതിന് ശേഷമാണ് രണ്ട് ദിവസം മുമ്പ് ആരോഗ്യനില വഷളായി വെൻ്റിലേറ്ററിലേക്ക് മാറ്റിയത്. തുടർന്നാണ് ആരോഗ്യനില വഷളായി ബുധനാഴ്ച പുലർച്ചെ മരണമടഞ്ഞത്.
1980 നവംബർ എട്ടിന് ആനിക്കാട് എം എം എബ്രഹാമിൻ്റെയും അന്നമ്മയുടെയും മകനായാണ് ജനിച്ചത്. പിന്നീട് കുടുംബത്തോടൊപ്പം തലശേരി അതിരൂപതയിലുള്ള കാർത്തികപുരത്തേക്ക് താമസം മാറ്റി. കോഴിക്കോട് സർവകലാശാലയിൽനിന്ന് ബിരുദം നേടിയ ശേഷമാണ് 2001-ൽ ഏറ്റുമാനൂർ എസ്എഫ്എസ് സെമിനാരിയിൽ അദ്ദേഹം ചേർന്നത്.
2006-ൽ കാരിസ്ഭവനിൽ ഒരുവർഷത്തെ റീജൻസി നടത്തിയശേഷം ദൈവശാസ്ത്രപഠനം ബംഗളൂരു തേജസ് വിദ്യാപീഠത്തിൽ പൂർത്തീകരിച്ച് 2010 ഡിസംബർ 30-ന് പട്ടം സ്വീകരിച്ചു. തൃശൂർ കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോനാപള്ളി അസിസ്റ്റൻ്റ് വികാരിയായി ഒരു വർഷം സേവനം ചെയ്തശേഷം ആറ് മാസം അണക്കര സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ അസിസ്റ്റൻ്റ് വികാരിയായും മരിയൻ ധ്യാനകേന്ദ്രത്തിലും സേവനം ചെയ്തു.
കാരിസ്ഭവനിലും വെളിയിലും വിദേശരാജ്യങ്ങളിലും അച്ചൻ ശുശ്രൂഷകളിലൂടെ നിറസാന്നിധ്യമായിരുന്നു. ജീവിതവിശുദ്ധിക്കും പ്രാർഥനയ്ക്കും ശ്രദ്ധ നൽകിക്കൊണ്ട് ആത്മാവിൽ ജ്വലിച്ചു കർത്താവിന് ശുശ്രൂഷകൾ ചെയ്യുന്നതിന് അച്ചൻ മാതൃകയായി. വചനപ്രഘോഷണം, കൗണ്സിലിംഗ് ശുശ്രൂഷ, ഫോണിലൂടെ പ്രാർത്ഥന, ഉപദേശം എന്നിവയിലൂടെ അനേകരുമായി ആത്മീയബന്ധം പുലർത്താൻ അച്ചനു കഴിഞ്ഞു.
എസ്എഫ്എസ് സഭയുടെ സൗത്ത്-വെസ്റ്റ് പ്രൊവിൻസിൽ മിഷൻ ഫോറം പ്രോഗ്രാമിന് ചുക്കാൻ പിടിക്കാനും കാരിസ്ഭവന്റെ മുഖപത്രമായ കാരിസ്ജ്യോതി മാസികയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു.