ന്യൂഡെല്‍ഹി: രാജ്യത്ത് വൈദ്യുതി നിരക്ക് ഏകീകരിക്കാനുള്ള കരട് പദ്ധതി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം തയ്യാറാക്കി. പദ്ധതി സംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം
സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനായി പദ്ധതി രേഖയും സംസ്ഥാനങ്ങള്‍ക്ക് കൈമാറി.
നിരക്ക് ഏകീകരിക്കുന്നതിലൂടെ വൈദ്യുതി വില കുറയുമെന്ന് മന്ത്രാലയം അറിയിച്ചു.’ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരു ഫ്രീക്വന്‍സി’ക്ക് ശേഷമാണ് ഒരേ വൈദ്യുത നിരക്ക് എന്ന രീതിയിലേക്കും മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.
വൈദ്യുതി യൂണിറ്റിന് ശരാശരി മൂന്ന് രൂപയാണ് വില. ദീര്‍ഘകാല കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതിയ്ക്ക് ഏകദേശം ആറ് രൂപവരെയാണ് നല്‍കേണ്ടി വരുന്ന വില. സംസ്ഥാനത്തേക്ക് എത്തുമ്പോള്‍ ഇത് യൂണിറ്റിന് 6.5 രൂപയാകുന്നു. എന്നാല്‍ പുതിയ സംവിധാനം വരുമ്പോള്‍ ഒരു യൂണിറ്റിന് എകദേശം ഒരു രൂപയെങ്കിലും കുറവ് വരുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ ഓരോ സംസ്ഥാനത്തും വൈദ്യുതി വില നിശ്ചയിക്കുന്നത് വൈദ്യുത ഉത്പാദക കമ്പനികളില്‍ നിന്നും വാങ്ങുന്ന വൈദ്യതുതിയുടേയും അതത് സംസ്ഥാനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടേയും ചെലവ് കണക്കാക്കിയാണ്.
രാജ്യം മുഴുവന്‍ ഒരേ വില നിശ്ചയിക്കണമെങ്കില്‍ നിലവിലുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കേണ്ടി വരും. അതിനാല്‍ ഇതില്‍ ഉള്‍പ്പെടെയുള്ള അഭിപ്രായം അറിയിക്കാനാണ് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.