തിരുവനന്തപുരം: കൊറോണ രണ്ടാം തരംഗത്തിൽ കഴിഞ്ഞ 46 ദിവസത്തിനിടെ ജീവൻ നഷ്ടമായത് 5000 പേർക്ക്. ആദ്യ തരംഗത്തിൽ ഒരു വര്ഷത്തിനിടെയാണ് 5000 പേർ മരിച്ചത്. രണ്ടാം തരംഗത്തിൽ കൊറോണ വൈറസിൻ്റെ കനത്ത പ്രഹരശേഷിയിലേക്കാണ് കണക്കുകൾ വിരൽചൂണ്ടുന്നത്. തിങ്കളാഴ്ച 221 മരണംകൂടി സ്ഥിരീകരിച്ചതോടെയാണ് ആകെ മരണം 10,157 ആയത്.
രണ്ടാം തരംഗത്തിൽ രോഗബാധിതർക്കൊപ്പം ഗുരുതരാവസ്ഥയിലാകുന്നവരുടെയും എണ്ണം കൂടുകയാണ്. ഐസിയുവിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നതും ഈ സാഹചര്യം അടിവരയിടുന്നു. കൊറോണ ബാധിച്ചശേഷം രോഗം മൂർച്ഛിച്ച് മരിക്കുന്നവരായിരുന്നു ആദ്യ മാസങ്ങളിലെങ്കിൽ പിന്നീട്, വിവിധ അസുഖങ്ങൾമൂലം മരിക്കുന്നവരിൽ നടത്തിയ പരിശോധനയിലാണ് കൊറോണ ബാധ കൂടുതലായി സ്ഥിരീകരിച്ചത്.
ആകെ മരണങ്ങൾ 10000 മെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും ഔദ്യോഗിക കണക്കിൽ പെടാത്ത നിരവധി കൊറോണ മരണങ്ങൾ ഇപ്പോഴും പുറത്തുണ്ട്. മേയ് മാസത്തിൽ മാത്രം 3507 പേരുടെ ജീവനാണ് കൊറോണ കവർന്നത്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തതും മേയ് മാസം തന്നെ. ഇതിനുമുമ്പ് ഡിസംബറിലായിരുന്നു (818 പേർ) ഉയർന്ന മരണ നിരക്ക്.
രണ്ടാം തരംഗം പ്രകടമായിത്തുടങ്ങിയ ഏപ്രിൽ 13 ന് 20 മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.
എന്നാൽ, ഏപ്രിൽ 20 ആയപ്പോൾ മരണസംഖ്യ 28 ആയി. മേയ് നാലിന് മരണം 57 ആയി. മേയ് 19 പ്രതിദിന മരണം 100 കടന്നു (112). പ്രതിദിനമരണം 196 ആയതിനും മേയ് സാക്ഷിയായി. ജൂൺ രണ്ടിനാണ് മരണസംഖ്യ 200 കടക്കുന്നത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന മരണനിരക്ക് റിപ്പോർട്ട് ചെയ്തത് മേയ് ആറിനാണ് (227).
സംസ്ഥാനത്തെ മൊത്തം കൊറോണ മരണങ്ങളിൽ ഭൂരിഭാഗവും (75.62 ശതമാനം) 60 വയസ്സിന് മുകളിലുള്ളവരാണ്. 41-59 പ്രായപരിധിയിലെ മരണനിരക്ക് 20.22 ശതമാനമാണ്. 18-40 നും മധ്യേയുള്ളവർ 3.48 ശതമാനവും 17 വയസ്സിന് താഴെയുള്ളവരുടെ മരണം 0.24 ശതമാനവും.
ആകെ മരണങ്ങളിൽ 96.68 ശതമാനവും സമ്പർക്കപ്പകർച്ചമൂലം രോഗബാധിതരായതെന്നാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ. ശേഷിക്കുന്ന 3.32 ശതമാനം പേർക്കാണ് യാത്രാ പശ്ചാത്തലമുള്ളത്.
സംസ്ഥാനത്ത് ആദ്യമായി കൊറോണ മരണമുണ്ടാകുന്നത് 2020 മാർച്ച് 29ന് എറണാകുളത്താണ്. കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചതിൻ്റെ 57ാം ദിവസം. ജൂൺ ഒന്നിന് മരണസംഖ്യ പത്തിലെത്താൻ എടുത്തത് കൃത്യം രണ്ടുമാസമാണ്.