സുധാകരന് സാധ്യത തെളിയുന്നു; സ്വയം അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: ഒന്നോ രണ്ടോ ദിവസത്തിനകം പുതിയ കെപിസിസി അധ്യക്ഷനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് സൂചന. ഭൂരിഭാഗം നേതാക്കളും സുധാകരന്റെ പേരു മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. അതിനാൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സുധാകരൻ്റെ പേര് മാത്രമാണ് ഹൈക്കമാന്‍ഡിനു നല്‍കിയിട്ടുള്ളതെന്നാണ് അറിയുന്നത്. ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, വികെ ശ്രീകണ്ഠന്‍ എന്നിവർ സുധാകരനെ പിന്തുണച്ചില്ലെന്നാണ് സൂചന.

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല. നിലവിലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരെയും നിര്‍ദേശിച്ചില്ല. എന്നാൽ നല്ലൊരു ശതമാനം എംപിമാരും എംഎല്‍എമാരും സുധാകരന്‍ നേതൃത്വത്തില്‍ വരുന്നതിനെ അനുകൂലിച്ചു.

അതേസമയം ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും സുധാകരന്റെ പേര് അംഗീകരിപ്പിക്കാന്‍ ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നു ശ്രമങ്ങള്‍ ഉണ്ടായേക്കും. എ, ഐ ഗ്രൂപ്പുകളുമായി ഏറെക്കാലമായി അകന്നുനില്‍ക്കുന്ന സുധാകരനെ ഇരു ഗ്രൂപ്പുകളും തുറന്നു പിന്തുയ്ക്കുന്നില്ല.

നിരവധി തവണ മാവേലിക്കരയിൽ നിന്ന് ജയിച്ച കൊടിക്കുന്നില്‍ സുരേഷ് കെപിസിസി പ്രസിഡൻ്റാകാൻ പരമാവധി ശ്രമം തുടരുകയാണ്. അടുത്ത തവണ ലോക്സഭയിലേക്ക് സീറ്റ് കിട്ടില്ലെന്നതാണ് കെപിസിസി പ്രസിഡൻ്റാകാൻ സുരേഷിനെ പ്രേരിപ്പിക്കുന്ന ഘടകം. അതുകൊണ്ട് തന്നെ മുപ്പള്ളിയുടെ പിന്‍ഗാമിയായി സ്വാഭാവികമായും താനാണ് വരേണ്ടത് എന്ന വാദമാണ് കൊടിക്കുന്നില്‍ താരിഖ് അന്‍വറിനു മുന്നില്‍ വച്ചത്.

ദലിത് വിഭാഗത്തില്‍നിന്നുള്ള താന്‍ അധ്യക്ഷപദത്തില്‍ എത്തുന്നത് തന്നെ പോലെ പാർട്ടിക്കും ഗുണം ചെയ്യുമെന്ന് കൊടിക്കുന്നില്‍ അവകാശപ്പെടുന്നു. നേതാക്കളില്‍ ആരും കൊടിക്കുന്നിലിനെ പിന്തുണച്ചിട്ടില്ല. എന്നാൽ സ്ഥാനം കിട്ടിയില്ലെങ്കിൽ സുരേഷ് ബിജെപിയിൽ ചേരുമോ എന്ന ആശങ്കയും ചിലർക്കുണ്ട്.

സുധാകരന് എല്ലാ വിഭാഗത്തെയും ഒരുമിച്ചു കൊണ്ടുപോവാനാവുമോ എന്നതില്‍ എ, ഐ ഭേദമില്ലാതെ ചിലര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ പ്രവര്‍ത്തകരെ സജീവമാക്കി പാര്‍ട്ടിയെ പുനരുദ്ധരിക്കാന്‍ സുധാകരന് ആകുമെന്ന് കുറെപ്പേർ കരുതുന്നു.