ഓക്‌സിജന്‍ മോക്ഡ്രിൽ; 22 രോഗികള്‍ മരിച്ചെന്ന് ആശുപത്രി ഉടമയുടെ രഹസ്യശബ്ദരേഖ; സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ലഖ്‌നൗ: ആഗ്രയില്‍ ഓക്‌സിജന്‍ മോക്ഡ്രില്ലിനെ തുടര്‍ന്ന് 22 രോഗികള്‍ മരിച്ചതായി ആശുപത്രി ഉടമ. ഉടമയുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

ഏപ്രില്‍ 27 ന് അഞ്ച് മിനിറ്റ് നേരത്തെ മോക് ഡ്രില്ലിനായി ഓക്‌സിജന്‍ നിര്‍ത്തിവച്ചതായും ഇത് കൊറോണ വൈറസ് ബാധിതര്‍ അടക്കമുള്ള 22 രോഗികളുടെ മരണത്തിന് ഇടയാക്കിയെന്നുമാണ് ആഗ്രയിലെ ഒരു സ്വകാര്യ ആശുപത്രി ഉടമയുടെ ശബ്ദ സന്ദേശത്തിലുള്ളത്.

മുഖ്യമന്ത്രിക്ക് പോലും ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്നാണ് ഞങ്ങളെ അറിയിച്ചത്. ഓക്‌സിജന് കനത്ത ക്ഷാമം അനുഭവപ്പെട്ട സമയമായിരുന്നു അത്. അതിനാല്‍ തന്നെ രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടുപോകാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. തുടര്‍ന്ന് ഓക്‌സിജന്‍ മോക്ഡ്രില്‍ നടത്തുകയായിരുന്നു.

ഓക്‌സിജന്‍ വിതരണം നിര്‍ത്തിയാല്‍ മരിക്കാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റ് ജിവനക്കാരെകൊണ്ട് തയ്യാറാക്കി. ആരെല്ലാം ഇതിന് മറികടക്കും എന്ന് നിരീക്ഷിച്ചു. അതിന് ശേഷം രാവിലെ 7ന് മോക്ഡ്രില്‍ നടത്തി. ഇതേക്കുറിച്ച് ആര്‍ക്കും അറിവ് ഉണ്ടായിരുന്നില്ല.

ഇതിന് ശേഷം രോഗികള്‍ക്ക് ശ്വാസതടസ്സം ഉണ്ടായി ശരീരം നീല നിറത്തില്‍ ആയി. അതോടെ അവര്‍ ജീവിച്ചിരിക്കില്ലെന്ന് ഉറപ്പായി. 72 രോഗികളുടെ ബന്ധുക്കളോട് ഓക്‌സിജന്‍ എത്താക്കാന്‍ ആവശ്യപ്പെട്ടു. – ശബ്ദ സന്ദേശത്തില്‍ ഡോ. അരിഞ്ജയ് ജെയിന്‍ പറയുന്നു.

അതേസമയം സംഭവം നടന്ന ദിവസം ആശുപത്രിയില്‍ ഏഴ് പേര്‍ മാത്രമാണ് മരിച്ചതെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ആരും മരിച്ചതായി അറിയില്ല. എന്നാല്‍ ശബ്ദ സന്ദേശം പുറത്ത് വന്നതിനെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചതായും ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു സിങ് പറഞ്ഞു.

എന്നാല്‍ ശബ്ദ സന്ദേശം വ്യപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി ആശുപത്രി ഉടമ കൂടിയായ ഡോ. അരിഞ്ജയ് രംഗത്ത് വന്നു. തന്റെ വാക്കുകള്‍ തെറ്റിധരിക്കപ്പെട്ടുവെന്നാണ് ഡോ. അരിഞ്ജയ പറയുന്നത്. ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുന്ന പക്ഷം കൈകാര്യം ചെയ്യാന്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചു വെന്നും 22 പേര്‍ മരിച്ചുവെന്നും പറഞ്ഞത് അദ്ദേഹം മാറ്റി പറഞ്ഞു. ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുന്ന പക്ഷം അത് കൈകാര്യം ചെയ്യാന്‍ മോക്ഡ്രില്‍ സംഘടിപ്പിക്കുമെന്നും മോക് ഡ്രില്ലിനായി ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തിയില്ലെന്നു മാണ് അദ്ദേഹത്തിന്റെ വിശദീകരണം.