ന്യൂഡെൽഹി: വാക്‌സിൻ സംഭരണവുമായി ബന്ധപ്പെട്ട് വ്യാപക വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ. കേന്ദ്രീകൃത വാക്‌സിൻ സംഭരണം എന്ന നിർദേശം സർക്കാർ പരിഗണിക്കുന്നതായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ആവശ്യമായി വന്നാൽ കൂടുതൽ പണം ഇതിനായി നീക്കിവെയ്ക്കുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
എല്ലാവർക്കും സൗജന്യമായി കൊറോണ വാക്‌സിൻ നൽകാത്ത കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. 18നും 44 നും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്‌സിൻ സംസ്ഥാനം പണം കൊടുത്തു വാങ്ങണമെന്നാണ് നിർദേശം. ഇതിനായി ആഗോള ടെൻഡർ വരെ വിളിക്കാൻ സംസ്ഥാനങ്ങൾ ശ്രമം തുടരുകയാണ്. അതിനിടെ സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്‌സിൻ നൽകില്ല എന്നാണ് ചില ആഗോള വാക്‌സിൻ കമ്പനികൾ അറിയിച്ചത്. ഈ പശ്ചാത്തലത്തിൽ കേന്ദ്രം വാക്‌സിൻ സംഭരിക്കാൻ തയ്യാറാവണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.
കേന്ദ്രീകൃത വാക്‌സിൻ സംഭരണം എന്ന നിർദേശം പരിഗണിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. വാക്‌സിൻ കേന്ദ്രം സംഭരിക്കണമെന്നതാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സർക്കാരുകളുടെ മുഖ്യ ആവശ്യം. സംസ്ഥാന സർക്കാരിനെ സഹായിക്കുന്നതിന്റെ ഭാഗമായി ഇത് പരിശോധിക്കുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. ന്യായമായ വിലയ്ക്ക് സംഭരിച്ച് വാക്‌സിൻ നൽകികൂടേയെന്ന് കേന്ദ്രത്തോട് കഴിഞ്ഞദിവസം സുപ്രീംകോടതി ചോദിച്ചിരുന്നു.