എല്ലാവർക്കും വാക്സിൻ; ഡെൽഹിയിൽ വാക്‌സിനേഷന് സർവേ

ന്യുഡെൽഹി: എല്ലാവർക്കും വാക്‌സിൻ ഉറപ്പാക്കുന്ന ജനകീയ പദ്ധതിയുമായി ഡെൽഹിയിൽ കെജ്‌രിവാൾ സർക്കാർ. 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നാലാഴ്ചയ്ക്കുള്ളൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ 57 ലക്ഷം പേരാണ് 45 വയസ്സിനു മുകളിലായി ഡെൽഹിയിലുള്ളത്. ഇവരിൽ 27 ലക്ഷം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

വാക്സിൻ നൽകാനായി വീടുകൾ തോറും സർവേ നടത്തും. വാക്‌സിൻ ലഭിക്കാത്തവർക്ക് പോളിംഗ് ബൂത്തുകളുടെ അടിസ്ഥാനത്തിൽ വാക്‌സിൻ നൽകുമെന്നും കെജ്‌രിവാൾ അറിയിച്ചു.വാക്‌സിനേഷൻ സെന്ററുകളിൽ ആളുകൾ എത്തുന്നത് കുറവായ സാഹചര്യത്തിലാണ് അവരെ പ്രതീക്ഷിച്ചിരിക്കാതെ വീടുകളിലേക്ക് എത്താൻ തീരുമാനിച്ചത്.

ഡെൽഹിയിൽ 280 വാർഡുകളാണുള്ളത്. ഓരോ ആഴചയും 70 വാർഡുകളിലായിരിക്കും വാക്‌സിനേഷൻ നടക്കുക. അതിനു ശേഷമേ 45 കഴിഞ്ഞവരെല്ലാം വാക്‌സിൻ സ്വീകരിച്ചുവെന്ന് പ്രഖ്യാപിക്കു. ഡെൽഹി സർക്കാർ നിയോഗിക്കുന്ന പോളിംഗ് ബൂത്ത് ലെവൽ ഓഫീസർമാർ അവരവരുടെ വാർഡുകളിൽ വീടുകൾ കയറി സർവേ നടത്തും.

ഡെൽഹിയിലെ 70 വാർഡുകളിൽ നാളെ മുതൽ ഈ പദ്ധതി നടപ്പിൽ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പോളിംഗ് ബൂത്തുകളിലേക്ക് കാൽനടയായി എത്താവുന്ന ദൂരമേയുള്ളു എന്നതാണ് ബൂത്ത് അടിസ്ഥാനത്തിൽ വാക്‌സിനേഷൻ നൽകുന്നതിനു പിന്നിൽ. ബൂത്തിലെത്താൻ ബുദ്ധിമുട്ടുള്ളവർക്കായി ഇ-റിക്ഷകൾ തയ്യാറാണ്. വാക്‌സിനെടുക്കാൻ വിമുഖത കാണിക്കുന്നവരെ ബൂത്ത് ലെവല ഓഫീസർമാരും വോളന്റിയർമാരും ചേർന്ന് നിർബന്ധിച്ച്‌ വാക്‌സിൻ എടുപ്പിക്കാൻ ശ്രമിക്കും. നിലവിൽ എല്ലാവർക്കും നൽകാനുള്ള വാക്‌സിൻ ഡോസ് സ്‌റ്റോക്കുണ്ട്.18-45നു മധ്യേ പ്രായമുള്ളവരിൽ ആവശ്യമായ സ്‌റ്റോക്ക് എത്തിച്ചശേഷമേ വാക്‌സിനേഷൻ തുടങ്ങൂ .