തിരുവനന്തപുരം: സംസ്ഥാനത്ത് ചില ഇളവുകളോടെ ലോക്ക്ഡൗൺ തുടരാൻ സാധ്യത. ഇക്കാര്യത്തിൽ സർക്കാർ ഇന്ന് തീരുമാനമെടുക്കും.ഈ മാസം ഒമ്പതു വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന അവലോകനയോഗത്തിൽ ലോക്ക്ഡൗൺ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതാണ് ലോക്ക് ഡൗൺ നീട്ടാൻ പ്രേരിപ്പിക്കുന്ന ഘടകം. ടിപിആർ 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. ഇത് പരിശോധിച്ച യിരിക്കും സർക്കാർ തീരുമാനം. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
രോഗലക്ഷണമുള്ളവർ മാത്രം പരിശോധനയ്ക്കു വരുന്നതു മൂലമാണ് ടിപിആർ കൂടുന്നത് എന്നതിനാൽ ലോക്ക്ഡൗണിൽ ഇളവുകൾ നൽകാമെന്ന നിർദേശവും ഇയരുന്നുണ്ട്. രണ്ടാം തരംഗത്തിൽ 30ലേക്കുയർന്ന ടിപിആർ നിരക്ക് ഇപ്പോൾ 15ൽ താഴെ എത്തിയത് സംസ്ഥാനത്തിന് ആശ്വാസമാണ്. എന്നാൽ 15ൽ താഴേക്ക് ടിപിആർ കാര്യമായി കുറയാത്തതു മൂലം ബുധനാഴ്ച വരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.
ടിപി ആർ നിരക്ക് പത്തിൽ താഴെയാക്കിയ ശേഷമേ നിയന്ത്രണങ്ങളിൽ ഇളവ് പാടുള്ളുവെന്നാണ് കേന്ദ്ര നിർദ്ദേശം. ഡെൽഹിയടക്കമുള്ള സംസ്ഥാനങ്ങൾ നിരക്ക് അഞ്ചിന് താഴെ എത്തിയപ്പോഴാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. മൺസൂൺ തുടക്കമായതോടെ ഇക്കാര്യത്തിൽ കേരളം എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.