കെ സുരേന്ദ്രൻ തീക്കട്ടയിൽ തീവെട്ടിക്കൊള്ള നടത്തിയ തിരുമാലി; എതിരില്ലാതെ പ്രതിസ്ഥാനത്തെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: കെ സുരേന്ദ്രൻ തീക്കട്ടയിൽ തീവെട്ടിക്കൊള്ള നടത്തിയ തിരുമാലിയെന്ന് സിപിഎം നേതാവ് തോമസ് ഐസക്ക്. കുഴൽപ്പണക്കേസിൽ പ്രതിസ്ഥാനത്തേയ്ക്ക് ബിജെപി നേതാവ് കെ സുരേന്ദ്രൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഓരോ ബിജെപി സ്ഥാനാർത്ഥിക്കും എത്രവീതമാണ് കുഴൽപ്പണം ലഭിച്ചത് എന്നു മാത്രമേ കൃത്യമായി അറിയാൻ ബാക്കിയുള്ളൂ.

പാര്‍ട്ടി അണികൾ ലഭിച്ച പണം എത്ര മണ്ഡലത്തിൽ ചെലവാക്കി? എത്ര ചിലരുടെ പോക്കറ്റിലേയ്ക്കു പോയി? എന്നൊക്കെ സംബന്ധിച്ച് ഒരു രഹസ്യ സോഷ്യൽ ഓഡിറ്റ് നടത്തുകയാണ് ഇനി വേണ്ടതെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

മണ്ഡലങ്ങളെ തരംതിരിച്ചാണ് 10 കോടി മുതൽ 1 കോടി രൂപ വരെ പണം ചെലവാക്കിയത്. ഇതുവരെ പുറത്തുവന്ന വിവരങ്ങൾ വിരൽചൂണ്ടുന്നത് സുരേന്ദ്രന്റെ നേർക്കാണ്. ബിജെപിക്കാരല്ലാത്ത എൻഡിഎ സ്ഥാനാർത്ഥികൾക്ക് പണം വിതരണം ചെയ്ത ഫോർമുലയും പുറത്തു വന്നിട്ടുണ്ട്.

തെരെഞ്ഞെടുപ്പു ചെലവിന്റെ ബാലൻസ് ഷീറ്റും നോക്കി തലയിൽ കൈയും വെച്ചിരിക്കുകയാണത്രേ ബിജെപിയുടെ കേന്ദ്രനേതാക്കളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുഴൽപ്പണക്കേസിൽ പ്രതിസ്ഥാനത്തേയ്ക്ക് ബിജെപി നേതാവ് കെ സുരേന്ദ്രൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഓരോ ബിജെപി സ്ഥാനാർത്ഥിക്കും എത്രവീതമാണ് കുഴൽപ്പണം ലഭിച്ചത് എന്നു മാത്രമേ കൃത്യമായി അറിയാൻ ബാക്കിയുള്ളൂ. മണ്ഡലങ്ങളെ തരംതിരിച്ചാണ് 10 കോടി മുതൽ 1 കോടി രൂപ വരെ പണം ചെലവാക്കിയത്.

ഇതുവരെ പുറത്തുവന്ന വിവരങ്ങൾ വിരൽചൂണ്ടുന്നത് സുരേന്ദ്രന്റെ നേർക്കാണ്. ബിജെപിക്കാരല്ലാത്ത എൻഡിഎ സ്ഥാനാർത്ഥികൾക്ക് പണം വിതരണം ചെയ്ത ഫോർമുലയും പുറത്തു വന്നിട്ടുണ്ട്. ബിജെപി അണികൾക്ക് ഇനി ചെയ്യാവുന്ന ഒരു കാര്യം ലഭിച്ച പണത്തിൽ നിന്നും എത്ര മണ്ഡലത്തിൽ ചെലവാക്കി? എത്ര ചിലരുടെ പോക്കറ്റിലേയ്ക്കു പോയി? എന്നൊക്കെ സംബന്ധിച്ച് ഒരു രഹസ്യ സോഷ്യൽ ഓഡിറ്റ് നടത്തുകയാണ്.

ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ കാര്യമാണ് കഷ്ടം. ആട്, തേക്ക്, മാഞ്ചിയം, നക്ഷത്ര ആമ, വെള്ളിമൂങ്ങ തുടങ്ങിയ തട്ടിപ്പു പദ്ധതികളിൽ വീണു പോകുന്നവരേക്കാൾ ദുർബലരാണ് അമിത്ഷായും നരേന്ദ്രമോദിയുമെന്ന് തെളിഞ്ഞിരിക്കുകയാണ്. കേരളത്തിൽ 35 സീറ്റ് കിട്ടുമെന്ന കണക്കുണ്ടാക്കി അവരുടെ കൈയിൽ നിന്ന് നാനൂറു കോടിയോ മറ്റോ സംഘടിപ്പിച്ചു എന്നാണ് വാർത്തകളിൽ നിന്ന് മനസിലാകുന്നത്. ഈ കണക്കും വിശ്വസിച്ച് കോടിക്കണക്കിന് രൂപ വാരിയെറിഞ്ഞവരെക്കുറിച്ച് എന്താണ് പറയേണ്ടത്? രാജ്യം ഭരിക്കുന്നവർ അവിശ്വസനീയമാംവിധം ബുദ്ധിശൂന്യരാണെന്നു മാത്രം മനസിലാക്കുക.