സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വാങ്ങാന്‍ കോഴ; കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി

കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി നല്‍കി. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറാന്‍ കോഴ നല്‍കിയെന്ന പരാതിയില്‍ കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയത്.

സുരേന്ദ്രനൊപ്പം ബിജെപിയുടെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തിരെഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈകൂലി നല്‍കുന്നത് വിലക്കികൊണ്ടുള്ള വകുപ്പ് ചുമത്തിയാണ് കേസ്. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി വി വി രമേശനാണ് പരാതി നല്‍കിയിരുന്നത്.

മഞ്ചേശ്വരത്ത് ബിഎസിപി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച കെ സുന്ദരയാണ് തനിക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറാന്‍ കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന് വെളിപ്പെടുത്തിയത്. രണ്ടര ലക്ഷം രൂപയും സ്മാര്‍ട് ഫോണും ബിജെപി നേതാക്കള്‍ നല്‍കിയെന്നാണ് സുന്ദര പറഞ്ഞത്.