ന്യൂഡെൽഹി: അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്നതിനാണ് ഇന്ത്യ വിട്ടതെന്നും താൻ നിയമം അനുസരിക്കുന്ന പൗരനാണെന്നും പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പുകേസിലെ പ്രതിയായ രത്‌നവ്യാപാരി മെഹുൽ ചോക്‌സി. ഡൊമിനിക്ക ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ചോക്‌സി ഈ അവകാശവാദം ഉന്നയിച്ചത്.
‘ഇന്ത്യയിലെ നിയമത്തിൽനിന്ന് ഒളിച്ചോടിയതല്ല, രാജ്യം വിട്ടപ്പോൾ തനിക്കെതിരെ ഒരു വാറന്റ് പോലുമില്ലായിരുന്നു. യുഎസിൽ ചികിത്സയ്ക്കായാണ് പോയത്. ഒളിച്ചുകഴിയാൻ ഒരു ഉദ്ദേശവുമില്ല. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസ് രാജ്യാന്തര വാറന്റ് അല്ല. കീഴടങ്ങാനുള്ള അഭ്യർഥനയാണ്. ഇന്ത്യയിലേക്കു നാടുകടത്താനുള്ള നടപടികൾ ആന്റിഗ്വയിൽ ആരംഭിച്ചിട്ടുണ്ട്. അതിനാൽ കോടതി അനുമതിയില്ലാതെ ഡൊമിനിക്ക വിടില്ല.
എന്നെ ഇന്ത്യയിലേക്ക് നാടുകടത്തണോയെന്ന് തീരുമാനിക്കാൻ ഞാൻ ആന്റിഗ്വ സുപ്രീം കോടതിയിൽ രണ്ട് ഹർജികൾ നൽകിയിരുന്നു. എല്ലാ കോടതി നടപടികളിലും താൻ ഹാജരായിട്ടുണ്ട്. നിയമം അനുസരിക്കുന്നയാണാണ് ഞാൻ. മുൻപ് ഒരു കേസിലും പെട്ടിട്ടില്ല. പൊലീസ് കസ്റ്റഡിയിൽ തുടർന്നാൽ ആരോഗ്യം നശിക്കുമെന്ന് പേടിയുണ്ട്. 62 വയസ്സായി. ഗുരുതര രോഗമുള്ളയാളാണ്. പ്രമേഹമുണ്ട്. തലച്ചോറിൽ രക്തം കട്ടപിടിക്കുന്നുണ്ട്. ഹൃദ്രോഗവും മറ്റു പ്രശ്നങ്ങളുമുണ്ട്.
ജാമ്യത്തിന് പണം കെട്ടിവയ്ക്കണമെങ്കിൽ അതിനും തയാറാണ്. അനധികൃതമായി ഡൊമിനിക്കയിൽ പ്രവേശിച്ചുവെന്ന കേസിൽ കോടതി നടപടി തീരുന്നതുവരെ രാജ്യത്ത് താമസിക്കാനുള്ള ശേഷിയുണ്ട്. സ്വന്തം സുരക്ഷ ഉറപ്പാക്കാനും കഴിയും’ – 8 പേജുള്ള സത്യവാങ്മുലത്തിൽ ചോക്സി പറയുന്നു.
2018 ജനുവരി ആദ്യ വാരമാണ് ചോക്‌സിയും അനന്തരവൻ നീരവ് മോഡിയും ഇന്ത്യയിൽനിന്ന് കടന്നത്. കോടികളുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച വാർത്തകൾ ഇന്ത്യൻ ബാങ്കിങ് മേഖലയെ പിടിച്ചുകുലുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസ്ഥർക്ക് കോഴ നൽകി ലെറ്റർ ഓഫ് അണ്ടർടേക്കിങുകൾ സ്വന്തമാക്കുകയും അതുപയോഗിച്ച് വിദേശ ബാങ്കുകളിൽനിന്ന് വൻതുക കടമെടുക്കുകയും അത് തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്തുവെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്.