ന്യൂഡെല്‍ഹി: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നും ബ്ലൂ ബാഡ്ജ് ട്വിറ്റര്‍ നീക്കം ചെയ്തു. വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ട് ആറ് മാസത്തോളമായി ഉപയോഗിക്കാതെ ഇരുന്നതിനെ തുടര്‍ന്നാണ് ബ്ലൂ ബാഡ്ജ് നീക്കം ചെയ്തതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.
@MVenkaiahNaidu എന്ന അക്കൗണ്ടിന്റെ ബ്ലൂ ബാഡ്ജ് ശനിയാഴ്ച രാവിലെ മുതലാണ് നീക്കം ചെയ്തത്. അതേസമയം വെങ്കയ്യ നായിഡുവിന്റെ ഔദ്യോഗിക അക്കൗണ്ടായ @VPSecretaritta ല്‍ ബ്ലൂ ബാഡ്ജ് നിലവില്‍ ഉണ്ട്.
ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിന് 9.3 ലക്ഷം ഫോളവേഴ്‌സും വ്യക്തിഗത അക്കൗണ്ടിന് 13 ലക്ഷം ഫോളവേഴ്‌സും ആണ് ട്വി്റ്ററില്‍ ഉള്ളത്. വ്യക്തിഗത അക്കൗണ്ട് അവസാനമായി ട്വീറ്റ് ചെയ്തിട്ടുള്ളത് കഴിഞ്ഞ വര്‍ഷം ജൂലൈ 23നാണ്. ഇതേ തുടര്‍ന്നാണ് അക്കൗണ്ടില്‍ നിന്നും ബ്ലൂ ബാഡ്ജ് നീക്കം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പുതിയ ഐടി നിയമങ്ങളുടെ പേരില്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ് ബാഡ്ജ് നീക്കം ചെയ്യപ്പെട്ടത് ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ഒരു ട്വിറ്റര്‍ ഹാന്‍ഡില്‍ ഉപയോഗിക്കുന്നതിന്റെ ആധികാരികത രേഖപ്പെടുത്താനാണ് ബ്ലൂ ബാഡ്ജ് ഉപയോഗിക്കുന്നത്. പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ ഈ വേരിഫിക്കേഷന്‍ നല്‍കുന്നുണ്ട്.