സംസ്ഥാനത്ത് 40 വയസിന് മുകളിലുള്ള എല്ലാവർക്കും ജൂലൈ 15നകം ആദ്യ ഡോസ് വാക്സിൻ ; മാനസിക വൈകല്യമുള്ളവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ 40 വയസിനു മുകളിലുള്ള എല്ലാവർക്കും ജൂലൈ 15നകം ആദ്യ ഡോസ് വാക്സിൻ ലഭ്യമാക്കും. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിൻ ലഭിക്കും.

മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി ബ്രേക്ക്ത്രൂ ഇൻഫെക്ഷനുകളുടെയും കുട്ടികളിലെ ഇൻഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. ജനിതക ശ്രേണീകരണത്തിൻ്റെ ഫലങ്ങൾ ആഴ്ചതോറും ശാസ്ത്രീയമായി വിശകലനം ചെയ്യും.

വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുവായ റബ്ബർ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന കടകൾക്ക് പ്രവർത്തനാനുമതി നൽകും. വ്യവസായശാലകളും അതിനോടനുബന്ധിച്ച അസംസ്കൃത വസ്തുക്കളുടെ കടകളും പ്രവർത്തിക്കാവുന്നതാണ്.

മാനസിക വൈകല്യമുള്ളവരെ വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും. സെക്രട്ടട്ടേറിയറ്റിൽ മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരുൾപ്പെടെ ഇനിയും വാക്സിനേഷൻ ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും.

ഈ മാസത്തോടെ കർഷകരുടെ പക്കലുള്ള കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ കാലാവധി അവസാനിക്കും. കൊറോണ വ്യാപന സാഹചര്യം പരിഗണിച്ച്‌ കാലാവധി നീട്ടാനുള്ള നടപടിയെടുക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.