തിരുവനന്തപുരം: കേരളത്തിൽ ഒരു കോടിയിലധികം (ഇന്നലെ വരെ 1,00,13186) ഡോസ് കൊറോണ വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. 78,75,797 പേർക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്.
18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 4,74,676 പേർക്ക് ഒന്നാം ഡോസ് വാക്സിനും 50 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 27,96,267 പേർക്ക് ഒന്നാം ഡോസ് വാക്സിനും 1,97,052 പേർക്ക് രണ്ടാം ഡോസ് വാക്സിനും 60 വയസിന് മുകളിലുള്ള 35,48,887 പേർക്ക് ഒന്നാം ഡോസ് വാക്സിനും 11,38,062 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. 5,20,788 ആരോഗ്യ പ്രവർത്തകർക്ക് ഒന്നും 4,03,698 പേർക്ക് രണ്ടും ഡോസ് വാക്സിനും 5,35,179 കൊറോണ മുന്നണി പോരാളികൾക്ക് ഒന്നും 3,98,527 പേർക്ക് രണ്ടും ഡോസ് വാക്സിനും നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 1,04,13,620 ഡോസ് വാക്സിനാണ് ലഭ്യമായത്. അതിൽ 7,46,710 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 8,84,290 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കോവിഷീൽഡ് വാക്സിനും 8,44,650 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 95,29,330 ഡോസ് വാക്സിൻ കേന്ദ്രം നൽകിയതാണ്. ഇന്ന് 50,000 ഡോസ് കോവാക്സിൻ എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ റീജിയണൽ വാക്സിൻ സ്റ്റോറിലാണ് വാക്സിൻ ആദ്യം എത്തിക്കുന്നത്. റീജിയണൽ വാക്സിൻ സ്റ്റോറിൽ നിന്നും ജില്ലകളിലെ വാക്സിൻ സ്റ്റോറേജിലേക്ക് നൽകുന്നു. ജില്ലകളിലെ ജനസംഖ്യ, വാക്സിന്റെ ജില്ലകളിലെ ഉപയോഗം, ജില്ലകളിൽ ഉള്ള വാക്സിൻ സ്റ്റോക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് വാക്സിൻ വിതരണം ചെയ്യുന്നത്.