മെഹുല്‍ ചോക്‌സിയെ ഡൊമിനിക്കയിലെ കോടതിയില്‍ ഹാജരാക്കിയത് വീൽ ചെയറിൽ

ന്യൂഡെല്‍ഹി: ഇന്ത്യയിൽ കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുല്‍ ചോക്‌സിയെ ഡൊമിനിക്കയിലെ കോടതിയില്‍ ഹാജരാക്കിയത് വീൽ ചെയറിൽ. നടക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വീല്‍ചെയറിൽ മെഹുല്‍ ചോക്‌സിയെ ഹാജരാക്കിയത്.

ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസിന്റെ അടുത്ത വാദം കേള്‍ക്കുന്ന ജൂണ്‍ 7 വരെ ചോക്‌സിയെ ഡൊമിനിക്ക-ചൈന ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലില്‍ റിമാന്‍ഡ് ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു. ചോക്‌സി നല്‍കിയ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നീക്കം.

ചോക്‌സിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതും ഹൈക്കോടതി അടുത്ത ദിവത്തേക്ക് മാറ്റി വച്ചു. കേസിന്റെ വാദം പൂര്‍ത്തിയാകുന്നത് വരെ ചോക്‌സി ഡൊമിനിക്കയില്‍ തന്നെ തുടരുമെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡൊമിനിക്കയിലേക്ക് അനധികൃതമായി പ്രവേശിച്ചുവെന്ന കേസില്‍ ചോക്‌സിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്ന് ജഡ്ജി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

അതേസമയം മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ ഡൊമിനിക്കയ്ക്കു പോയ ഉദ്യോഗസ്ഥ സംഘവും തിരികെ മടങ്ങി. ചോക്‌സിയുടെ അഭിഭാഷകര്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ച സാഹചര്യത്തിലാണ് സിബിഐ ഡിഐജി ശാരദ റൗട്ടിന്റെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയത്.