തമിഴ്‌നാട്ടിൽ ലോക്ഡൗൺ‍ ജൂൺ 14 വരെ നീട്ടി; 11 ജില്ലകളിൽ കടുത്ത നിയന്ത്രണം ; ഡെൽഹിയിൽ ഇളവ്

ചെന്നൈ : കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ ജൂൺ 14 വരെ നീട്ടി. കൊറോണ വ്യാപനം കുറഞ്ഞ ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.

രോഗവ്യാപനം ഉയർന്ന കോയമ്പത്തൂർ, ചെന്നൈ ഉൾപ്പടെ പതിനൊന്ന് ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കും. ഹോട്ടലുകളിൽ നിന്ന് പാർസൽ മാത്രമേ അനുവദിക്കൂ. ജില്ലാ അതിർത്തികൾ കടക്കാൻ ഇ പാസ് നിർബന്ധമാണ്.

അതേസമയം ഡെൽഹിയിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. വിപണികളും ഷോപ്പിങ് മാളുകളും തുറക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കും. മെട്രോ സർവ്വീസ് 50 ശതമാനം പുനഃസ്ഥാപിക്കും. സർക്കാർ ഓഫീസുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. അടുത്ത തരംഗത്തിൽ 37000 പ്രതിദിന കേസുകൾ വരെ പ്രതീക്ഷിച്ചാണ് നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

കൊറോണ കേസുകളുടെ എണ്ണം കുറഞ്ഞതോടെ ഉത്തർപ്രദേശിലും ലോക്ഡൗണിന് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വാരാന്ത്യ കർഫ്യൂകൾ നിലനിൽക്കും. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ രാത്രി കർഫ്യൂകളും തുടരുമെന്ന് ഉത്തർപ്രദേശ് സർക്കാരും അറിയിച്ചിട്ടുണ്ട്.