വാഷിംഗ്ടൺ: കൊറോണ പ്രതിരോധ കുത്തിവെപ്പ് ഒരാൾക്ക് നൽകിയിട്ടുണ്ടോ ഇല്ലയോ എന്ന് അഞ്ച് മിനിറ്റിനുള്ളിൽ സ്ഥിരീകരിക്കാൻ കഴിയും. കൊറോണക്കെതിരായ വാക്സിൻ എടുത്തിട്ടുണ്ടോ എന്ന് രക്തം പരിശോധിച്ച് മനസ്സിലാക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകർ.
ലോകത്തിൻെറ വിവിധ ഭാഗങ്ങൾ അടച്ചുപൂട്ടലുകൾക്ക് ശേഷം വീണ്ടും തുറക്കുകയാണ്. പല നാടുകളിലേക്കും സഞ്ചരിക്കണമെങ്കിൽ കൊറോണ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനകളുണ്ട്. പുതിയ സാങ്കേതി വിദ്യയിലൂടെ ഇത്തരം നടപടികൾ ഒഴിവാക്കാൻ സാധിക്കും. വിമാനത്താവളം, സ്റ്റേഡിയങ്ങൾ എന്നിവിടങ്ങളിലും ഈ സംവിധാനം ഏറെ പ്രയോജനപ്പെടുമെന്ന് ഗവേഷകർ പറയുന്നു.
രക്തഗ്രൂപ്പ് പരിശോധിക്കാനുള്ള സംവിധാനത്തിന് സമാനമായ രീതിയിലാണ് ഇതിൻെറയും പ്രവർത്തനം. രക്തം ചെറിയ കാർഡിൽ ഇറ്റിക്കുമ്പോൾ ആൻറിബോഡി ഉണ്ടോയെന്ന് മനസ്സിലാക്കാൻ സാധിക്കും. കൊറോണ ആൻറിബോഡികളെ കണ്ടെത്തുന്ന കാർഡിൽ ഗവേഷണ സംഘം വികസിപ്പിച്ചെടുത്ത ഫ്യൂഷൻ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ആൻറിബോഡികൾ കണ്ടെത്താനുള്ള നിലവിലെ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളേക്കാൾ വേഗത്തിൽ ഫലം ലഭിക്കുമെന്നതാണ് ഇതിൻറെ പ്രത്യേകത. കൂടാതെ, ഏറെ കൃത്യമായ ഫലമാണ് ഇത് നൽകുന്നതെന്നും ഗവേഷകർ വ്യക്തമാക്കി. വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ സർട്ടിഫിക്കറ്റ്, വാക്സിൻ കാർഡ് എന്നിവക്ക് പകരം ഈ സംവിധാനം ഉപയോഗിക്കാമെന്ന് ഗവേഷകനായ റോബർട്ട് ക്രൂസ് പറഞ്ഞു.