കൊച്ചി: നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്താൻ തന്നോട് ആവശ്യപ്പെട്ടത് കാസർഗോട്ടെ ഗുണ്ടാ നേതാവ് ജിയയെന്ന് അധോലോക കുറ്റവാളി രവി പൂജാരി. ലീനയെ ഭീഷണിപ്പെടുത്തിയതിന് ശേഷവും പണം നൽകാതെ വന്നതോടെയാണ് ആക്രമണത്തിന് മുതിർന്നതെന്നും പൂജാരി പറഞ്ഞു. ഇതിനുള്ള സഹായം ചെയ്ത് നൽകിയത് ജിയയാണെന്നും പൂജാരി കൂട്ടിച്ചേർത്തു.
ലീന മരിയ പോളിന്റെ പക്കലുള്ള 25 കോടി രൂപയുടെ ഹവാല പണം തട്ടിയെടുക്കാനായിരുന്നു ഗുണ്ടാസംഘത്തിന്റെ പദ്ധതി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിയ നിലവിൽ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. രമേശ് ചെന്നിത്തല, പി.സി. ജോർജ് എന്നിവരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന് ഫോൺ നമ്പർ നൽകിയതും ജിയയാണെന്നും രവിപൂജാരി അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
എന്നാൽ ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവാണെന്നും രവി പൂജാരി പറഞ്ഞു. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന. കാസർഗോഡ് സ്വദേശി ജിയ, മൈസൂർ സ്വദേശി ഗുലാം എന്നിവർ വഴിയാണ് ഇടപാടുകൾ നടത്തിയതെന്ന് രവി പൂജാരി വ്യക്തമാക്കി.
രവി പൂജാരിയെ ഫോണിൽ വിളിച്ചു ക്വട്ടേഷൻ കൈമാറിയത് ഗുലാം ആണ്. ലീന മരിയ പോളിനെ മൂന്ന് തവണ ഫോണിൽ വിളിച്ചെന്നും രവി പൂജാരി വ്യക്തമാക്കി. വാട്സ്ആപ് കാൾ വഴി ആയിരുന്നു ഫോൺ വിളിച്ചത്. ജിയ ഒളിവിൽ കഴിയുകയാണെന്നാണ് പോലീസിന് കിട്ടിയ വിവരം.
രവി പൂജാരിയുടെ മൊഴി പൂർണമായി വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കേരളത്തിൽ നടന്ന ഗുണ്ട സംഘങ്ങളിലെ രണ്ട് പേരുടെ കൊലപാതകത്തിൽ രവി പൂജാരിക്ക് പങ്കുണ്ടോയെന്നും സംശയിക്കുന്നുണ്ട്. ജൂൺ എട്ട് വരെയാണ് രവി പൂജാരിയെ കേരള പോലീസിൻ്റെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താൻ കസ്റ്റസി കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും.
രവി പൂജാരിയെ ചോദ്യം ചെയ്യുന്ന സമയത്തു അഭിഭാഷകനെ ഒപ്പമിരുത്താൻ അനുവദിക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണിക്കുമെന്ന് പൂജാരിയുടെ അഭിഭാഷകൻ പറഞ്ഞു. അന്വേഷണ സംഘം പൂജാരിയുടെ ശബ്ദ സാമ്പിൾ ശേഖരിക്കാനും ഇന്ന് കോടതിയുടെ അനുമതി തേടും. ഭീഷണി കോളുകൾ വിളിച്ചത് പൂജാരി തന്നെയാണോ എന്നുറപ്പിക്കാനാണിത്.