കൊച്ചി: സമീപ വർഷങ്ങളിൽ കേരള തീരത്ത് കടൽക്ഷോഭം വർധിക്കുമെന്ന് വിദഗ്ധർ. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂട് വർധിക്കുന്നത് കാരണം അടിക്കടി ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് തീരദേശമേഖലകളിൽ കടൽ പ്രക്ഷുബ്ധമാകുന്ന അവസ്ഥക്ക് കാരണമാകും.
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) സംഘടിപ്പിച്ച വെബിനാറിലാണ് ഈ അഭിപ്രായമുയർന്നത്. ചുഴലിക്കാറ്റിനെത്തുടർന്നുണ്ടാകുന്ന സ്റ്റോം സർജ് എന്ന പ്രതിഭാസം തീരക്കടലുകളിൽ ഉയർന്ന തിരമാലകൾക്ക് കാരണമാകും. കടൽ കയറുന്നതിനും തീരമേഖലകളിൽ പ്രളയം സൃഷ്ടിക്കുന്നതിനും ഇത് കാരണമാകുന്നു. ടൗട്ടേ, യാസ് ചുഴലിക്കാറ്റുകളുടെ ഫലമായുണ്ടായ ഈ പ്രതിഭാസമാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളതീരത്ത് നാശം വിതച്ചതെന്ന് വെബിനാറിൽ സംസാരിച്ച വിദഗ്ധർ ചൂണ്ടിക്കാട്ടി.
കടലിൽ ചൂട് വർധിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രതിഫലനമാണ്. കടലിനോട് ചേർന്ന് കിടക്കുന്ന ജൈവ-ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ കടലാക്രമണം, പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളിൽ നിന്ന് തീരദേശമേഖലയെ സംരക്ഷിച്ചുനിർത്താമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
വെബിനാറിൽ മഹാരാഷ്ട്ര വനവികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ. എൻ. വാസുദേവൻ മുഖ്യാതിഥിയായിയിരുന്നു. കിഴക്കൻ മേഖല ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ പി.പി. പ്രമോദ്, ചൈന്നൈയിലെ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ കോസ്റ്റൽ റിസർച്ച് പ്രോഗ്രാം ഡയറക്ടർ ഡോ. ആർ. രാമസുബ്രമണ്യൻ, സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ, ഡോ. പി. കലാധരൻ, സാർക് സീനിയർ പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് ഡോ. ഗ്രിൻസൻ ജോർജ്ജ്, ഡോ. പി. വിനോദ്, ഡോ. രതീഷ്‌കുമാർ എന്നിവർ സംസാരിച്ചു.