കൊടകര കുഴല്‍പ്പണക്കേസ്; ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് ബിജെപി നേതാവ് സികെ പത്മനാഭന്‍

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് ബിജെപി ദേശീയ സമിതി അംഗം സി.കെ പത്മനാഭന്‍. ഇത് പ്രകൃതി നിയമമാണ്. പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീമസമായിരിക്കുകയാണ്. പ്രകൃതി സംരക്ഷണ ദിനത്തില്‍ ആ ഒരുവാക്ക് മാത്രമേ തനിക്ക് പറയാനുള്ളൂവെന്നും പത്മനാഭന്‍ അഭിപ്രായപ്പെട്ടു.

പരിസ്ഥിതിയെ മലിനമാക്കുന്നതാണ് ഏറ്റവും വലിയ രാജ്യദ്രോഹം. നാം ഓരോരുത്തരും നമ്മുടെ വീടും പരിസരവും മലിനീകരിച്ചതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയുമൊക്കെ നാട് ശുചീകരിക്കാത്തതിന് കുറ്റം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊടകര കുഴൽപ്പണ കേസിൽ നിർണായക മൊഴി നൽകി കെ. സുരേന്ദ്രൻ്റെ സെക്രട്ടറിയും ഡ്രൈവറും. മുഖ്യപ്രതിയായ ധർമ്മരാജനെ അറിയാം, ചില പ്രചാരണ സാമഗ്രഹികൾ ധർമ്മജനെ ഏൽപിച്ചിരുന്നു, പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നു എന്നാണ് ഇവരുടെ മൊഴി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രനും ധർമ്മരാജനെ പരിചയമുണ്ടെന്നാണ് മൊഴിയിൽ പറയുന്നത്.

കേസിൽ ബിജെപിക്കെതിരെ അന്വേഷണം ശക്തമാവുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ബിജെപി നേതാക്കള്‍ താമസിച്ച ഹോട്ടലിലെത്തിയാണ് രേഖകള്‍ പരിശോധിച്ചത്.