ലോകരാജ്യങ്ങള്‍ക്കിടയില്‍ ക്രെഡിറ്റ് ഉണ്ടാക്കാൻ ശ്രമിച്ച കേന്ദ്രത്തിന്റെ മാനസിക വിഭ്രാന്തിയാണ് കൊറോണ വ്യാപനത്തിലേക്ക് നയിച്ചതെന്ന് അമര്‍ത്യ സെന്‍

ന്യൂഡെല്‍ഹി: കൊറോണ മൂലമുണ്ടായ നാശത്തിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ മാനസിക വിഭ്രാന്തിയെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യ സെന്‍. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒരു ക്രെഡിറ്റ് ഉണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിച്ചതെന്നും ഇത് മഹാമാരിയെ അവഗണിക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കൊറോണ ഇത്രയധികം രൂക്ഷമാകാന്‍ കാരണം സ്‌കീസോഫ്രീനിയ ബാധിച്ച മോദി സര്‍ക്കാരാണ്. ആശയ കുഴപ്പത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇത് കൊറോണയോടുള്ള പതിഞ്ഞ സമീപനത്തിന് കാരണമായി. ഇന്ത്യക്ക് കരുത്തോടെ മുന്നോട്ട് പോകാനും കഴിഞ്ഞില്ല. കൊറോണ വ്യാപനം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിന് പകരം സര്‍ക്കാര്‍ തങ്ങളുടെ ക്രെഡിറ്റ് ഉറപ്പ് വരുത്തന്ന തിരക്കിലായിരുന്നു.- അമര്‍ത്യ സെന്‍ പറഞ്ഞു. രാഷ്ട്ര സേവ ദള്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

തങ്ങളുടെ ശക്തികേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ് വളരെ മികച്ച രീതിയില്‍ പ്രതിരോധസംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ആശങ്കകളും നിരുത്തരവാദപരമായ പെരുമാറ്റവും സ്ഥിതി വഷളാക്കിയെന്നും അമര്‍ത്യ സെന്‍ കുറ്റപ്പെടുത്തി.