തിരുവനന്തപുരം: കൂറുമാറ്റ നിരോധനനിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനായ ആർ ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം ഒരുക്കി സർക്കാരിൻ്റെ ആദരം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോയ ആദ്യമന്ത്രിയായ ആർ ബാലകൃഷ്‌ണപിളളയ്‌ക്ക് സ്‌മാരകം നിർമ്മിക്കാനുളള ബജറ്റ് പ്രഖ്യാപനം പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കുന്നത്.
പിള്ളയ്ക്ക് സ്‌മാരകം പണിയാൻ രണ്ട് കോടി രൂപയാണ് സർക്കാർ നീക്കിവയ്‌ക്കുന്നത്. കൊട്ടാരക്കരയിലാണ് സ്‌മാരകം ഉയരുക. ഇടമലയാർ കേസിൽ ഒരു വർഷം ബാലകൃഷ്ണപിള്ള തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2011ൽ കേസിൽ സുപ്രീം കോടതി തടവു ശിക്ഷക്ക് വിധിച്ചതോടെയായിരുന്നു പിള്ളയുടെ ജയിൽവാസം.
വിഎസ് അച്യുതാനന്ദൻ നടത്തിയ സമാനതകളില്ലാത്ത നിയമപോരാട്ടത്തിനൊടുവിലായിരുന്നു പിള്ളയുടെ കൈയിൽ വിലങ്ങ് വീണത്. ബാലകൃഷ്ണപിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്ക്കെതിരെ വിഎസ് അച്യുതാനന്ദൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ബാലകൃഷ്ണ പിള്ള കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഒരു വർഷത്തെ കഠിനതടവും 10000 രൂപ പിഴയും വിധിച്ചു.
പിള്ളയ്ക്കെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച സി പിഎം തന്നെ മുന്നണി മാറിയ പിള്ളയെ ഒന്നാം പിണറായി സർക്കാരിൽ മുന്നോക്ക വിഭാഗ കമ്മീഷൻ അധ്യക്ഷനാക്കിയത് ഏറെ വിരോധാഭാസമായിരുന്നു. ഇത്തരത്തിൽ അഴിമതിയും കൂറുമാറ്റവും നടത്തിയതിന് ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും കോടികൾ മുടക്കി സ്മാരകം പണിയാൻ പണം നീക്കിവച്ചതാണ് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുന്നത്.
കേരള കോൺഗ്രസ് (ബി)യുടെ ഭാഗത്ത് നിന്ന് ശക്തമായ സമ്മർദ്ദമാണ് ബാലകൃഷ്‌ണപിളളയുടെ പേരിൽ സ്‌മാരകം നിർമ്മിക്കാൻ സർക്കാരിന് മേൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. മന്ത്രിസ്ഥാനം നൽകാതെ ആദ്യ ടേമിൽ നിന്ന് മാറ്റിനിർത്തിയ ഗണേഷിനെ അനുനയിപ്പിക്കുക എന്ന തന്ത്രവും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന.