കല്‍പ്പറ്റ: വനത്തില്‍ മൂർഖൻ്റെ കടിയേറ്റ ആദിവാസി ബാലന് രക്ഷയായത് ഒരു സംഘം ഡോക്ടർമാരുടെ അവസരോചിതമായ ഇടപെടൽ. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ പുല്‍പ്പള്ളി മരക്കടവ് കോളനിയിലെ പതിമൂന്നുകാരനാണ് ഡോക്ടര്‍മാരുടെ നിർണായക ഇടപെടല്‍ മൂലം ജീവന്‍ തിരിച്ചുകിട്ടിയത്. അപകടനില തരണം ചെയ്ത കുട്ടി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഉച്ചയോടെ പാമ്പുകടിയേറ്റ കുട്ടി ഏകദേശം നാല്‍പത്തിയഞ്ച് മിനിറ്റിനുള്ളില്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സമീപവാസികള്‍ പത്ത് കിലോമീറ്റര്‍ അകലെയുള്ള പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. 1.15 ഓടെ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ആരോഗ്യനില വഷളാണെന്നു തിരിച്ചറിഞ്ഞ് ഡോക്ടർമാർ ഇന്‍ട്യുബേഷന്‍ (വായിലൂടെ ട്യൂബിട്ട് ഓക്‌സിജന്‍ നല്‍കല്‍) ആരംഭിച്ചു.
അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അതുല്‍, അനസ്‌തെറ്റിസ്റ്റ് ഡോ. ഫാത്തിമ തസ്‌നീം, ഡോ. ലിജി വര്‍ഗീസ് എന്നിവരാണ് ആരോഗ്യനില വിശകലനം ചെയ്ത് ഇന്‍ട്യുബേഷന്‍ നടത്തിയത്. ഈ സമയം രക്തത്തിലെ ഓക്‌സിജന്റെ അളവ് 76 ആയി കുറഞ്ഞിരുന്നു. ഒന്നരയോടെ ഇന്‍ട്യുബേഷന്‍ തുടര്‍ന്നുകൊണ്ടുതന്നെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ കുട്ടിയുടെ രക്തസമ്മര്‍ദ്ദം കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍മാര്‍ അവസരോചിതമായി ഇടപെട്ട് സാധാരണ നിലയിലെത്തിച്ചു.
കലക്ടറേറ്റിലെ ഡിപിഎംഎസ്എസ്.യു. കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് ഈ സമയമൊക്കെ ഡോ. നിത വിജയന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. സുല്‍ത്താന്‍ ബത്തേരി ടിഡിഒസി ഇസ്മായിലും സജീവമായി ഇടപെട്ടു. നേരത്തേ അറിയിച്ചതു പ്രകാരം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഡോ. കര്‍ണന്‍, ഡോ. സുരാജ്, ഡോ. ജസീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി കാത്തിരുന്നു.
അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയെ ഉടന്‍തന്നെ ഐ.സി.യു വെന്റിലേറ്ററിലേക്ക് മാറ്റി ശേഷം ആന്റിവെനം നല്‍കി ആറു മണിക്കൂര്‍ നിരീക്ഷണത്തിലാക്കി. ആരോഗ്യനിലയില്‍ നേരിയ പുരോഗതി കണ്ടതിനെ തുടര്‍ന്ന് ഐസിയു ആംബുലന്‍സില്‍ വെന്റിലേറ്റര്‍ സഹായത്തോടുകൂടി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ഡോ. ദാമോദരന്‍, ഡോ. അന്ന, ഡോ. വാസിഫ്, ഡോ. ആഷിഖ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ.
അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡി.എം.ഒ. ഡോ. ആര്‍ രേണുക, ഡി.പി.എം. ഡോ. ബി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി കുട്ടിയുടെ ആരോഗ്യാവസ്ഥ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.