കൊച്ചി: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് പത്തു ദിവസത്തിനകം നിലപാട് അറിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം. ഹൈക്കോടതി നിര്‍ദ്ദേശം ലഭിച്ചതിന് പിന്നാലെ ഇഡി പ്രാഥമിക അന്വേഷണം തുടങ്ങി. കേസ് സംബന്ധിച്ച വിവരങ്ങള്‍ ഇഡി ഉദ്യോഗസ്ഥര്‍ പൊലീസില്‍ നിന്നു ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന കള്ളപ്പണമാണ് കൊടകരയില്‍ കവര്‍ച്ച ചെയ്തതെന്ന് വ്യക്തമായിട്ടും എന്‍ഫോഴ്‌സ്‌മെന്റ് നടപടിയെടുത്തില്ലെന്ന് കാണിച്ച് ലോക് താന്ത്രിക് യുവ ജനതാദള്‍ നേതാവ് സലിം മടവൂരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പണത്തിന്റെ സ്രോതസ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സിക്ക് പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ ഇഡി കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് പത്തു ദിവസത്തിനകം നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.