ആലപ്പുഴ : സ്വത്ത് തർക്കത്തെ തുടർന്ന് മകൻ കാണിച്ചത് കണ്ണില്ലാത്ത ക്രൂരത. അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാൻ ഗേറ്റ് താഴിട്ട് പൂട്ടി മകൻ. ബുധനാഴ്ച്ചയാണ് കൊറോണ ബാധിച്ച് സ്ത്രീ മരിച്ചത്. മൃതദേഹം മകൻ താമസിക്കുന്ന കുടുംബവീട്ടിലൂടെ അമ്മ താമസിച്ചിരുന്ന മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാനിരിക്കേയാണ് മകൻ ഗേറ്റ് പൂട്ടിയത്.
ചേർത്തലയിലെ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 8-ാം വാർഡിലാണ് സംഭവം നടന്നത്. മൃതദേഹം കൊണ്ടുപോകാതിരിക്കാൻ മകൻ ഗേറ്റ് താഴിട്ട് പൂട്ടുകയും ചെയ്തു. ഇയാളുടെ സഹോദരിയുടെ വീട്ടിലേക്ക് പോകാൻ ഈ വഴി മാത്രം ഉള്ള സാഹചര്യത്തിലാണ് മകൻ ഇത്തരമൊരു നടപടിക്ക് മുതിർന്നത്.
ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏറ്റുവാങ്ങി മകളുടെ വീട്ടിലേക്ക് കൊണ്ടുവന്നത്.എന്നാൽ, സ്വത്ത് തർക്കമുള്ളതിനാൽ മൃതദേഹം കുടുംബവീട്ടിലൂടെ കൊണ്ടുപോകാൻ പറ്റില്ലെന്ന് മകൻ അറിയിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ തുറക്കാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ ഗേറ്റ് തുറക്കാൻ തയ്യാറായില്ല. തുടർന്ന് ചേർത്തലയിൽ നിന്ന് പൊലീസെത്തി ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. ഒടുവിൽ പൊലീസ് ഗേറ്റിന്റെ പൂട്ട് മുറിച്ചാണ് മകളുടെ വീട്ടുവളപ്പിൽ അമ്മയുടെ മൃതദേഹം എത്തിച്ച് സംസ്കരിച്ചത്.