തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ആദ്യ ബജറ്റ് രാഷ്ട്രിയ പ്രസംഗം മാത്രമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ധനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തി ബജറ്റിന്റെ പവിത്രത തകര്‍ത്തുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ബജറ്റില്‍ അവതരിപ്പിച്ച കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘ശരിയായ രാഷ്ട്രീയപ്രസംഗമാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റിന്റെ ആദ്യഭാഗം. 1715 കോടി അധിക ചെലവ് എന്നാണ് പറയുന്നത്. അങ്ങിനെങ്കില്‍ 20,000 കോടി ഉത്തേജക പാക്കേജ് അധിക ചെലവല്ലേയെന്ന് വി ഡി സതീഷന്‍ ചോദിച്ചു. കുടിശിക കൊടുത്തുതീര്‍ക്കല്‍ എങ്ങനെ ഉത്തേജക പാക്കേജാകുമെന്നും അദ്ദേഹം ചോദിക്കുന്നു.
ബജറ്റിലെ എസ്റ്റിമേറ്റ് തന്നെ അടിസ്ഥാനം ഇല്ലാത്തതാണ്. കരാര്‍ കുടിശ്ശികയും പെന്‍ഷന്‍ കുടിശ്ശികയും കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. 8900 കോടി നേരിട്ട് ജനങ്ങളുടെ കയ്യിലെത്തിക്കുമെന്ന് പറഞ്ഞത് കാപട്യമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. ദുരിതമനുഭവിക്കുന്നവര്‍ക്ക് നേരിട്ട് പണം നല്‍കുമെന്നാണ് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞത്. എന്നാല്‍ അത് പിന്നീട് തിരുത്തി.
മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് ഖജനാവില്‍ ബാക്കിവച്ചതായി പറയപ്പെടുന്ന അയ്യായിരം കോടി രൂപ എവിടെയെന്നതിന് ഉത്തരം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.