കൊച്ചി: കേരള സർവ്വകലാശാലയിലെ 58 അധ്യാപക നിയമനങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ വിധി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് മൂന്നുമാസത്തേക്ക് സ്റ്റേ ചെയ്തു. സർവകലാശാലയിലെ വിവിധ അധ്യയന വകുപ്പുകളെ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ റോസ്റ്റർ തയ്യാറാക്കാനുള്ള നിയമ ഭേദഗതിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നത്. ഇത് ഭരണഘടന വ്യവസ്ഥകൾക്കും സുപ്രീം കോടതി വിധിക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനങ്ങൾ റദ്ദാക്കിയത്. ഇതിനെതിരെയാണ് സംസ്ഥാന സർക്കാരും കേരള സർവകലാശാലയും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
കേസ് ജൂലൈ 12 മുതൽ വാദം കേൾക്കും. ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ഡോ. കൗസർ ഇടപ്പഗത് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്തത്. സർക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണകുറുപ്പ് ഹാജരായി.
കേരള സർവ്വകലാശാലയ്ക്ക് വേണ്ടി സ്റ്റാൻഡിങ് കൗൺസിൽ അഡ്വക്കേറ്റ് തോമസ് എബ്രഹാമും ഹർജ്ജി നൽകിയ ഡോ: ടി.വിജയലക്ഷ്മി, ഡോ: ജി.രാധാകൃഷ്ണപിള്ള എന്നിവർക്കുവേണ്ടി സീനിയർ അഭിഭാഷകൻ ജോർജ്ജ്പൂന്തോട്ടവും ഹാജരായി.നിയമനങ്ങൾ റദ്ദാക്കപ്പെട്ട അധ്യാപകരും ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്.
കേരള സർവകലാശാലയിൽ 2008 ൽ നിയമിക്കപെട്ട 180 അസിസ്റ്റന്റ്മാരുടെ നിയമനങ്ങൾ ലോകയുക്ത റദ്ദാക്കിയെങ്കിലും കേസ് ഹൈക്കോടതിയിൽ നീണ്ടുപോയി.അതിന്മേലുള്ള അപ്പീൽ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണയിലാണ്. ഈ സാഹചര്യത്തിലാണ് അധ്യാപക നിയമനങ്ങൾ റദ്ദാക്കിയതിന്മേലുള്ള അപ്പീൽ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന വാദം ശക്തമായത്.