ഫൈസറിന് നൽകുന്ന ഇളവ് തങ്ങൾക്കും വേണം; വ്യാജ പരാതികൾക്കെതിരെ സർക്കാർ ഇടപെടണം; സിറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡെൽഹി: കൊറോണ വാക്‌സിൻ നൽകുന്നവർക്ക് അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് ഫൈസറിനും മോഡേർണയ്ക്കും നൽകുന്ന ഇളവ് തങ്ങൾക്കും നൽകണമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അഡർ പൂനെവാല. സിറം ഇൻസ്റ്റിറ്റ്യൂട്ടിനെ മാത്രമല്ല, എല്ലാ വാക്‌സിൻ നിർമാതാക്കളെയും വാക്‌സിൻ നൽകുന്നതു മൂലമുണ്ടാകുന്ന നഷ്ടപരിഹാരത്തിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഈ ആവശ്യം കമ്പനി ഈ വർഷം ആദ്യം കേന്ദ്ര സർക്കാരിന് മുന്നിൽ വച്ചിരുന്നു.

”കൊറോണയുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ നിന്ന് നിർമാതാക്കളെ ഒഴിവാക്കണം. നിരവധി വ്യാജപരാതികളാണ് വന്നുകൊണ്ടിരിക്കുന്നത്. അതേകുറിച്ചുള്ള പരാതികൾ മാധ്യമങ്ങളിൽ കാണുന്നുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ സന്ദേശം നൽകാൻ കേന്ദ്ര സർക്കാർ ഇടപെടണം”- സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ആഡാർ പൂനെവാല പറഞ്ഞു.

ഫൈസറിന്റെ മോഡേണയുടെയും ആവശ്യം സർക്കാരിന്റെ മുന്നിൽ വന്നിട്ടുണ്ടെന്നും അതേ കുറിച്ചുള്ള ചർച്ച നടക്കുകയാണെന്നും ഡോ. വി കെ പോൾ മെയ് 27ന് പറഞ്ഞിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച അവസാന തീരുമാനം ഇതുവരെയും എടുത്തിട്ടില്ല.

അന്താരാഷ്ട്ര തലത്തിലുള്ള സ്ഥാപനങ്ങൾ അംഗീകാരം നൽകിയ വാക്‌സിനുകൾക്ക് ഇന്ത്യയിൽ ഓട്ടോമിറ്റിക് റൂട്ടിൽ അനുമതി നൽകാൻ ഡ്രഗ് കൺട്രോളർ അനുമതി നൽകിയിരുന്നു. യുഎസ് എഫ്ഡിഎ, ഇഎംഎ, യുകെ എംഎച്ച്‌ആർഎ, പിഎംഡിഎ ജപ്പാൻ തുടങ്ങിയ സ്ഥാപനങ്ങൾ അനുമതി നൽകിയ വാക്‌സിനുകൾക്കാണ് ഇന്ത്യ ഓട്ടോമാറ്റിക് റൂട്ടിൽ അനുമതി ലഭ്യമാക്കുക.