കൊച്ചി: വനം-വന്യജീവി നിയമങ്ങൾ തെറ്റിച്ച് വ്‌ളോഗ് ചെയ്ത യു ട്യൂബർക്കെതിരെ പരാതി. യു ട്യൂബറായ ഫിറോസ് ചുട്ടിപ്പാറ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. ആമയുടെ പുറത്ത് ക്യാമറ ഘടിപ്പിച്ച് വെള്ളത്തിൽ വിട്ടപ്പോൾ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്.
കേന്ദ്ര വനം വന്യജീവി വകുപ്പിനും, സംസ്ഥാന വനംവകുപ്പിനും, പാലക്കാട് ഡിഎഫ്‌ഒയ്ക്കും, യു ട്യൂബ് അധികൃതർക്കുമാണ് പരിസ്ഥിതി പ്രവർത്തകർ പരാതി നൽകിയിരിക്കുന്നത്.
മഴയിൽ കയറിവന്ന ആമയാണെന്നും, ആമ വെള്ളത്തിൽ എന്തൊക്കെയാണ് ചെയ്യുന്നുവെന്ന് കാണാമെന്നുമാണ് വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്.ആമയുടെ ശരീരത്ത് ചൂണ്ട നൂൽ കെട്ടിയ നിലയിലായിരുന്നു.
അതേസമയം വീഡിയോ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് പാലക്കാട് ഡിഎഫ്‌ഒ അറിയിച്ചു. സംരക്ഷിത വിഭാഗമായ ആമയെ കൈവശം സൂക്ഷിക്കുന്നതും, അധികാരികളുടെ അനുമതിയില്ലാതെ സ്വന്തം താത്പര്യങ്ങൾക്കായി ഉപയോഗിക്കുന്നതും ഗുരുതരമായ കുറ്റമാണെന്ന് പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതിയിൽ പറയുന്നു.