ന്യൂഡെല്‍ഹി: ഒരു പൗരന്‍ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കാണാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവെയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാവില്ലെന്നും വ്യക്തമാക്കിയ കോടതി വിനോദ് ദുവെയ്‌ക്കെതിരായ കേസ് റദ്ദാക്കി.
ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവെ തന്റെ യൂട്യൂബ് ഷോയിലൂടെ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് പ്രാദേശിക ബിജെപി നേതാവാണ് ദുവയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. പ്രധാനമന്ത്രി മരണങ്ങളും ഭീകരാക്രമണങ്ങളും വോട്ട് നേടാനായി ഉപയോഗിക്കുന്നു എന്നായിരുന്നു ദുവെയുടെ പരാമര്‍ശം.
ദുവെയുടെ പരാമര്‍ശത്തില്‍ പ്രദേശിക നേതാവിന്റെ പരാതി സ്വീകരിച്ച പൊലീസ് രാജ്യദ്രോഹക്കുറ്റത്തിനൊപ്പം വ്യാജവാര്‍ത്ത പ്രചരിപ്പിക്കല്‍, പൊതുശല്യം സൃഷ്ടിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു.
എന്നാല്‍ 1962ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയ കോടതി ഈ വിധിപ്രകാരം എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ നിന്നും സംരക്ഷണമുണ്ടെന്ന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്യദ്രോഹക്കുറ്റത്തിനെതിരെ സംരക്ഷണം നല്‍കേണ്ടത് അനിവാര്യതയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
”ഐപിസിയുടെ സെക്ഷന്‍ 124 എ (രാജ്യദ്രോഹം) യുടെ സാധുത ഉയര്‍ത്തിപ്പിടിക്കുമ്പോള്‍, 1962 ല്‍ പരമോന്നത കോടതി ഒരു പൗരനെതിരെ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് വിധിച്ചിരുന്നു, കാരണം ഇത് സംസാരത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അനുസൃതമായിരിക്കും.”- കോടതി പറഞ്ഞു.
രാജ്യദ്രോഹത്തിന്റെ പരിധിയില്‍ എന്തൊക്കെ വരുമെന്നും 1962ലെ വിധിയില്‍ പറഞ്ഞിട്ടുണ്ട്. പൊതുക്രമത്തിന് അലോസരമുണ്ടാക്കുന്ന പ്രവൃത്തികള്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍, ക്രമസമാധാനത്തിന് വിഘാതമുണ്ടാക്കുന്ന നടപടികള്‍ എന്നിവയെ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരികയുള്ളൂ. പ്രധാനമന്ത്രിയെ വിമര്‍ശിക്കുക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശിച്ചു എന്ന പേരില്‍ രാജ്യദ്രോഹമായി എടുക്കാന്‍ കഴിയില്ല,’ സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.