കൊറോണ വാക്‌സിന്‍ സ്വീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി കാശ്മീരിൽ

ശ്രീനഗർ: കൊറോണ വാക്‌സിന്‍ സ്വീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി കാശ്മീരിൽ. 124 വയസുകാരിയായ രഹ്തീ ബീഗ മുത്തശ്ശിക്ക് ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഡോര്‍ ടു ഡോര്‍ വാക്‌സിനേഷൻ ക്യാമ്പയിന്റെ ഭാഗമായി എത്തിയ ഉദ്യോഗസ്ഥരാണ് വാക്‌സിന്‍ നല്‍കിയത്. 124 കാരിയായ രഹ്തീ ബീഗത്തിന് വാക്‌സിന്‍ നല്‍കിയത്.

രെഹ്തീ ബീഗത്തിന്‍റെ റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയത് 124 വയസാണ്. എന്നാല്‍ ഇത് തെളിയിക്കുന്ന ഔദ്യോഗിക രേഖകളൊന്നും സമര്‍പ്പിച്ചിട്ടില്ല. ജമ്മു കശ്മീര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇവര്‍. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രകാരം നിലവില്‍ ലോകത്ത് ഏറ്റവും പ്രായം കൂടിയ വ്യക്തി ജാപ്പാനീസ് വനിതയായ കാനെ തനാകയാണ്. 118 വയസാണ് ഇവരുടെ പ്രായം.

ഇതുവരെയുള്ള റെക്കോര്‍ഡ് പ്രകാരം ലോകത്ത് ഏറ്റവും പ്രായം കൂടിയ വ്യക്തി ഫ്രാന്‍സുകാരിയായ ജീന്നെ ലൂയിസ് കാള്‍മെന്റ് ആണ്.മരിക്കുമ്പോള്‍ 122 വയസും 164 ദിവസവുമാണ് ഔദ്യോഗിക രേഖകള്‍ പ്രകാരം ഇവരുടെ പ്രായം.

ബുധനാഴ്ച കശ്മീരില്‍ 9289 പേര്‍ വാക്‌സിനെടുത്തതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കശ്മീരില്‍ ഇതുവരെ 33,58,004 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.