മരണവാർത്തയറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കളെ നോക്കി ചിരിച്ചുകൊണ്ട് ജീവനുള്ള വീട്ടമ്മ; വെട്ടിലായി പൊലീസ്

കൊല്ലം: കൊറോണ ബാധിച്ചു 55 വയസുകാരി മരിച്ചെന്ന വിവരത്തെ തുടർന്ന് മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സുമായി എത്തിയപ്പോഴാണ് മരണവാര്‍ത്ത വ്യാജമാണെന്ന് അറിയുന്നത്. പൊലീസിന്റെ തെറ്റായ സന്ദേശത്തില്‍ മണിക്കൂറുകളോളം ആശങ്കയിലായ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇതോടെ ആശ്വാസമായെങ്കിലും വിമര്‍ശനം ശക്തമാവുകയാണ്. കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മയുടെ വ്യാജ മരണ വാര്‍ത്തയാണ് പൊലീസിനെ വെട്ടിലാക്കിയിരിക്കുന്നത്.

നിലമേല്‍ കൈതക്കുഴി സ്വദേശിനിയായ 55 വയസുകാരിയായ വീട്ടമ്മ കൊറോണ പോസിറ്റീവ് ആയി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിശോധനാഫലം നെഗറ്റീവ് ആയതിനാല്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ചിട്ട് മൂന്ന് ദിവസമായിട്ടും ആരെയും കിട്ടിയില്ല.

കഴിഞ്ഞ 20ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ 3 ദിവസം മുന്‍പാണു നെഗറ്റീവ് ആയത്. ബന്ധുക്കളെ കണ്ടെത്തി ആശുപത്രിയിലെത്തിക്കണമെന്ന സന്ദേശമാണ് ആശുപത്രി അധികൃതര്‍ ഈസ്റ്റ് പൊലീസിനു കൈമാറിയത്.

ഈസ്റ്റ് പൊലീസ് തെറ്റായി മരണവിവരം ആണു ചടയമംഗലം പൊലീസില്‍ അറിയിച്ചത്. ചടയമംഗലം പൊലീസ് ഈ വിവരം പൗരസമിതി പ്രവര്‍ത്തകന്‍ ബിനുവിനെ അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സുമായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ബന്ധുക്കള്‍ ചികിത്സയില്‍ സന്തോഷത്തോടെ കഴിയുന്ന വീട്ടമ്മയെയാണ് കണ്ടത്.

ദിവസങ്ങൾക്കകം ഇവര്‍ക്ക് ആശുപത്രി വിടാനാകുമെന്നാണ് നിഗമനം. സംഭവത്തില്‍ നടപടി വേണമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.