രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങി

ബെംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങി. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാണ് രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി. ജൂൺ എട്ട് വരെയാണ് കോടതി അനുവദിച്ചിരിക്കുന്ന കസ്റ്റഡി കാലാവധി. തുടർന്ന് രവി പൂജാരിയെ തിരികെ ബെംഗളൂരുവിലെത്തിച്ച് കോടതിയിൽ ഹാജരാക്കണം.

ബുധനാഴ്ച വൈകിട്ടോടെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം പൂജാരിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പൂജാരിയെ വൻ സുരക്ഷാ സന്നാഹത്തോടെ ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ചു. ഇവിടെനിന്ന് രാത്രിയോടെ വിമാനമാർഗം കൊച്ചിയിലെത്തിക്കും.

നേരത്തെ മാർച്ചിൽ രവി പൂജാരിയെ കൊച്ചിയിലെത്തിക്കാൻ ക്രൈംബ്രാഞ്ച് സംഘം ശ്രമിച്ചിരുന്നു. എന്നാൽ മുംബൈ പോലീസ് പൂജാരിയെ നേരത്തെ കസ്റ്റഡിയിൽ വാങ്ങിയതോടെ അത് നടന്നില്ല. മുംബൈ പോലീസ് പൂജാരിയെ മെയ് അവസാനവാരത്തോടെ ബെംഗളൂരുവിൽ തിരികെ എത്തിച്ചതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ നൽകിയത്.

2018 ഡിസംബർ 15-നായിരുന്നു കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിവെപ്പ് നടന്നത്. നടി ലീന മരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാർലറിലേക്ക് ബൈക്കിലെത്തിയ രണ്ടു യുവാക്കൾ വെടിയുതിർക്കുകയായിരുന്നു. രവി പൂജാരിയുടെ സംഘമാണ് വെടിയുതിർത്തതെന്ന് ലീന മൊഴിയും നൽകി. ഇതിന് ഒരു മാസം മുമ്പ് രവി പൂജാരിയുടെ പേരിൽ ഒരാൾ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും തന്നില്ലെങ്കിൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു മൊഴി.