ബെംഗളൂരു: ബന്ധുക്കൾ ഏറ്റെടുക്കാതിരുന്ന കൊറോണ ബാധിച്ച് മരിച്ചവരുടെ ചിതാഭസ്മം നദിയിലൊഴുക്കി കർണാടക മന്ത്രി. 560 പേരുടെ ചിതാഭസ്മമാണ് റവന്യു മന്ത്രി ആർ. അശോക കാവേരിയിൽ ഒഴുക്കിയത്.
കാവേരി പുണ്യനദിയാണെന്നാണു കരുതപ്പെടുന്നതെന്നും ചിതാഭസ്മം ഒഴുക്കുന്നതോടെ മരിച്ചവർക്ക് മോക്ഷം കിട്ടുമെന്നാണു വിശ്വാസമെന്നും മന്ത്രി പറഞ്ഞു. 560 പേരുടെ ചിതാഭസ്മമാണ് കാവേരിയിൽ ഒഴുക്കിയത്. അവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങിയില്ല. അതിന് പല കാരണങ്ങളുണ്ടാകാം.
ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ വിഷയമാണിത്. അതുകൊണ്ടാണു താൻ ഉത്തരവാദിത്തം ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു. ഉത്തരേന്ത്യയിൽ നടന്ന സംഭവങ്ങളാണ് ഈ നടപടിക്ക് തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ ബാധിച്ച് മരിച്ച നിരവധി പേരുടെ മൃതദേഹങ്ങളാണ് ഗംഗയിൽ ഒഴുകി നടന്നത്. ചിലത് പക്ഷികൾ കൊത്തിവലിച്ചു. അതെല്ലാം നാണക്കേടുണ്ടാക്കുന്നതാണ്. അതുകൊണ്ടാണ് വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ആദരവോടെതന്നെ സംസ്‌കരിക്കണമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു