കൊച്ചി: കൊറോണ വൈറസ് ബാധ നിര്‍ണ്ണയിക്കുന്നതിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകള്‍ വീണ്ടും ഹൈകോടതിയെ സമീപിച്ചു. പരിശോധനയക്കുള്ള നിരക്ക് 500 രൂപയാക്കി നിജപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ശരിവെച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ലാബ് ഉടമകള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ടെസ്റ്റ് നിരക്ക് ആയിരുന്ന 1700രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു ലാബ് ഉടമകളുടെ ആവശ്യം. എന്നാല്‍ കോടതിയുടെ സിംഗിള്‍ ബഞ്ച് ലാബ് ഉടമകളുടെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരിക്കുന്നത്. നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്നാണ് ലാബ് ഉടമകളുടെ വാദം. ഇതിന് മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും ഐസിഎംആറിനും കോടതി നോട്ടീസ് അയച്ചു.
രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയില്‍ താഴെ മാത്രമാണെന്ന് ചൂണ്ടികാട്ടിയ സര്‍ക്കാര്‍ കേരളത്തില്‍ പരിശോധനയ്ക്ക് അധിക നിരക്കാണ് ഈടാക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. 135 മുതല്‍ 245 വരെയാണ് പരിശോധനയക്ക് ചിലവാകുന്നതെന്നും ലാബിലെ ജീവനക്കാരുടെ ചിലവ് ഉള്‍പ്പെടെയുള്ള തുക കണക്കാക്കിയാണ് 500 രൂപയായി നിജപ്പെടുത്തിയത് എന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സിംഗിള്‍ ബഞ്ച് നേരത്തെ ലാബ് ഉടമകളുടെ ഹര്‍ജി തള്ളിയത്. നിരക്ക് നിശ്ചയിക്കാനുള്ള അധികാരവും കോടതിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു.