ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ വൈറസിന്റെ മൂന്നാം തരംഗം രണ്ടാംതരംഗത്തെപ്പോലെ കഠിനമായിരിക്കുമെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര തലത്തിലുളള മുൻ അനുഭവങ്ങൾ പഠിച്ച് തയ്യാറാക്കിയ എസ്ബിഐ ഇക്കോറാപ്പ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ കൊറോണ മൂന്നാംതരംഗം 98 ദിവസം വരെ നീണ്ടുനിൽക്കാവുന്നതാണെന്ന് വ്യക്തമാക്കുന്നത്.
പ്രതിദിനകേസുകൾ 4.14ലക്ഷംവരെ രേഖപ്പെടുത്തിയ രണ്ടാംതരംഗത്തിനുശേഷം കൊറോണ മഹാമാരിയുടെ മൂന്നാംതരംഗം നേരിടുന്നതിനുളള മുന്നൊരുക്കങ്ങൾ ഇന്ത്യയിൽ നടക്കുന്ന അവസരത്തിലാണ് ഈ റിപ്പോർട്ട് ഒരു മുന്നറിയിപ്പായി വരുന്നത്. കഴിഞ്ഞമാസംമാത്രം ഇന്ത്യയിൽ 90.3ലക്ഷം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുകൂടാതെ 1.2ലക്ഷം മരണങ്ങളുമുണ്ടായി.
അതേസമയം മികച്ചരീതിയിൽ തയ്യാറെടുത്താൽ ഇന്ത്യയിൽ മരണനിരക്ക് പിടിച്ചുനിർത്താൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച് ലോകത്തെങ്ങും മൂന്നാംതരംഗത്തിന്റെ ആധിക്യം രണ്ടാംതരംഗത്തെക്കാളും 1.8മടങ്ങ് അധികമാണെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഇന്ത്യയിൽ ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാംതരംഗത്തിന്റെ ആധിക്യം അന്താരാഷ്ട്ര ശരാശരിയെക്കാൾ കുറവായതിനാൽ ഒരുപക്ഷെ മൂന്നാം തരംഗവും മറ്റു ലോകരാജ്യങ്ങളിൽ അനുഭവപ്പെട്ടതു പോലെ അത്ര തീവ്രമായേക്കില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.