ന്യൂഡെൽഹി: ചരിത്രത്തിലാദ്യമായി ഡെൽഹിയില്‍ ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തി. ചൊവ്വാഴ്ച ഏറ്റവും കുറഞ്ഞ താപനിലയായി 17.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതോടെയാണ് റെക്കോര്‍ഡിട്ടത്. സാധാരണയില്‍ നിന്ന് പത്തു ഡിഗ്രി കുറവാണിതെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
33.6 ഡിഗ്രിയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട്. ഇതും സാധാരണയില്‍ നിന്ന് ഏഴു ഡിഗ്രി താഴെയാണ്. രാത്രി സമയത്ത് പെയ്യുന്ന കനത്തമഴയെ തുടര്‍ന്നാണ് ഡെല്‍ഹിയില്‍ ജൂണിലെ ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥന്‍ കുല്‍ദീപ് ശ്രീവാസ്തവ പറയുന്നു.
2006ലാണ് ഇതിന് മുന്‍പ് ജൂണില്‍ ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത്. 18 ഡിഗ്രിയായിരുന്നു അന്നത്തെ ചൂട്. ചൊവ്വാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യതലസ്ഥാനത്ത് 15.6 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. മെയ് മാസം രേഖപ്പെടുത്തിയ പരമാവധി ചൂടായ 37.5 ഡിഗ്രി സെല്‍ഷ്യസും 13 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ്.