ന്യൂഡെൽഹി: വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന കൊറോണ വാക്സിനുകള്‍ക്ക് ഇന്ത്യയിൽ മറ്റു പരീക്ഷണങ്ങൾ ആവശ്യമില്ലെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ .വാക്‌സിൻ ക്ഷാമം നേരിടുകയും വിദേശ വാക്‌സിനുകളെ കൂടുതലായി ആശ്രയിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
വാക്‌സിൻ ക്ഷാമത്തെ തുടർന്ന് ഫൈസര്‍, മൊഡേണ വാക്സിനുകള്‍ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതിനു പിന്നാലെയാണ് വാക്‌സിൻ നിർമ്മാതാക്കൾക്കായി കൂടുതൽ ഇളവുകൾ ഡിസിജിഐ പ്രഖ്യാപിച്ചത്.
ഈ സാഹചര്യത്തിൽ കൂടുതൽ സ്വകാര്യ വാക്സിൻ നിര്‍മാതാക്കള്‍ക്ക് ഇന്ത്യയിൽ വാക്സിൻ വിതരണം ചെയ്യാൻ തയ്യാറാകുമെന്നും വിലയിരുത്തപെടുന്നു. യുഎസിലെ ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി, യൂറോപ്യൻ മെഡിസിൻസ് ഏജൻസി, യുകെയിലെ എംഎച്ച്ആര്‍എ, ജപ്പാനിലെ പിഎംഡിഎ എന്നീ ഏജൻസികളുടെ അനുമതിയുള്ള വാക്സിനുകള്‍ക്കാണ് ഇന്ത്യയിൽ ഇളവു നല്‍കുന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, വാക്സിൻ സ്വീകരിച്ച ആദ്യ നൂറുപേരുടെ ആരോഗ്യനില നിരീക്ഷിക്കുമെന്ന നിബന്ധനയിൽ മാറ്റമുണ്ടാകില്ല. എന്നാൽ ഓരോ ബാച്ച് വാക്സിനും പ്രത്യേകം പരിശോധിക്കണമെന്ന നിബന്ധന പ്രായോഗികമല്ലെന്ന് വാക്സിൻ നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം കേന്ദ്രം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.