ന്യൂഡെല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജി അരുണ്‍ മിശ്ര ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ചുമതലയേല്‍ക്കാന്‍ ഇരിക്കെ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. പ്രവര്‍ത്തനം ഏകദേശം നിലച്ച ഒരു സ്ഥാപനം മരിച്ചതന് തുല്യമാണ് അരുണ്‍ മിശ്ര ചുമതലയേല്‍ക്കുന്നതെന്നാണ് പ്രശാന്ത് ഭൂഷണിന്റെ വിമര്‍ശനം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
‘ജസ്റ്റിസ് അരുണ്‍ മിശ്ര ദേശീയ മനുഷ്യവകാശ കമ്മീഷന്റെ അടുത്ത ചെയര്‍പേഴ്സണ്‍ ആകുന്നതോടെ, ഏറെക്കുറെ പ്രവര്‍ത്തനം നിലച്ച ഒരു സ്ഥാപനം പൂര്‍ണ്ണമായി മരിച്ചുവെന്ന് പ്രതീക്ഷിക്കാം. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളോട് മോദി സര്‍ക്കാര്‍ ചെയ്യുന്നത് ഇതാണ്,’ പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.
അരുണ്‍ മിശ്ര അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതില്‍ നിരവധി വിമര്‍ശനങ്ങള്‍ ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് അരുണ്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനനത്തേക്ക് തിരെഞ്ഞെ്ടുത്തത്. ഇതില്‍ സമിതി അംഗമായ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ തന്നെ തീരുമാനത്തെ എതിര്‍ത്തിരുന്നു.
ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഒരാളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നായിരുന്നു ഖാര്‍ഗെയുടെ ആവശ്യം. എന്നാല്‍ ഇത് നിരസിക്കപ്പെടുകയായിരുന്നു. കേന്ദ്രത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തിയിരുന്നു.അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷനാകുമ്പോള്‍ ദേശീയ വനിതാ കമ്മീഷന്റെ അടുത്ത അധ്യക്ഷനായി രഞ്ജന്‍ ഗൊഗോയ് വന്നാല്‍ ആശ്ചര്യപ്പെടേണ്ടതില്ല, എന്നാണ് മഹുവ പരിഹസിച്ചത്.
സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ട് മുന്‍പ് അരുണ്‍ മിശ്ര പുറപ്പെടുവിപ്പിച്ച വിധികളെല്ലാം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെയാണ് യോഗം ചേര്‍ന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്‌സഭ സ്പീക്കര്‍, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ഒഴികെയുള്ളവര്‍ ജസ്റ്റിസ് അരുണ്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കണമെന്ന ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.