കൊച്ചുകുട്ടികൾക്ക് ഇത്രയും ജോലി എന്തിനാണ് മോദി സാബ്; പരാതി പറഞ്ഞ് ആറുവയസുകാരി

ന്യൂഡെൽഹി: പുതിയൊരു അധ്യയന വർഷം കൂടി കടന്നു വരുന്നു. രാജ്യം കൊറോണ രണ്ടാംതരംഗത്തിൻ്റെ പിടിയിലായതിനാൽ കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ ഇത്തവണയും ഓൺലൈൻ വഴിയാണ് ക്ലാസുകൾ. സൂം, ഗൂഗിൾ മീറ്റ് വഴിയുള്ള പഠനം കുട്ടികൾക്കും ഇപ്പോൾ ശീലമായത് പോലെയാണ്. ക്ലാസുകൾ വിർച്വൽ ആയ ഈ സാഹചര്യത്തിലാണ് ഒരു ആറു വയസുകാരിയുടെ വീഡിയോ വൈറലാകുന്നത്.

ജമ്മുകാശ്മീരിൽ നിന്നുള്ള കുട്ടി അധിക പഠനഭാരത്തെക്കുറിച്ചും ഹോംവർക്കിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി പറയുന്നതാണ് വീഡിയോ. ‘അസലാമു അലൈക്കും മോദി സാബ്’ എന്ന് പറ‍ഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ആറു വയസുള്ള പെൺകുട്ടിയാണെന്ന് സ്വയം പരിചയപ്പെടുത്തുന്നുമുണ്ട്.ആറു വയസുള്ള കുട്ടിക്ക് ഇത്രയും ‘ജോലി’ എന്തിനാണെന്നാണ് കുട്ടി ചോദിക്കുന്നത്.

വലിയ കുട്ടികൾക്കാണ് ഇത്രയും ജോലി നൽകേണ്ടത്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ക്ലാസ്. തനിക്ക് പഠിക്കേണ്ടി വരുന്ന വിഷയങ്ങളുടെ ലിസ്റ്റും പരാതിയിൽ നിരത്തുന്ന കുട്ടി ഇതൊക്കെ വലിയ കുട്ടികൾക്കല്ലേ വേണ്ടത് ചെറിയ കുട്ടികൾക്ക് എന്തിനാണെന്നും ചോദിക്കുന്നു. ഇടയ്ക്ക് മോദി ‘സാർ’ ആണോ ‘മാഡം’ ആണോ എന്ന കൺഫ്യൂഷനും കുട്ടിക്കുണ്ടാകുന്നുണ്ട്. രസകരമായ വളരെ നിഷ്കളങ്കമായ ഈ പരാതി അധികം വൈകാതെ തന്നെ വൈറലായി.